ടൂറിസം കേന്ദ്രങ്ങളിലെ സുരക്ഷയ്ക്കായി പരിശീലനം

തിരുവനനന്തപുരം : സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി കൂടുതല്‍ വനിതാ പോലീസിനെയും പരിശീലനം നല്‍കി ടൂറിസം വാര്‍ഡന്‍മാരെയും നിയോഗിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ടൂറിസം പോലീസിനുള്ള ത്രിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദേശ വനിതയുടെ കൊലപാതകം പോലെയുള്ള ദാരുണ സംഭവങ്ങളും, അതിക്രമങ്ങളും ടൂറിസം കേന്ദ്രങ്ങളിലുണ്ടാകാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ടൂറിസം കേന്ദ്രങ്ങളില്‍ മയക്കുമരുന്ന് മാഫിയയുടെയും, കുറ്റവാളികളുടെയും സാന്നിധ്യം ഉണ്ടാകാതിരിക്കാന്‍ ടൂറിസം പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

ടൂറിസം പോലീസിനും വാര്‍ഡന്‍മാര്‍ക്കും ആധുനിക പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നത് ടൂറിസം കേന്ദ്രങ്ങളെ സുരക്ഷിത മേഖലകള്‍ കൂടിയായി മാറ്റുന്നതിനാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. ടൂറിസം മേഖലയിലെ അനഭിലഷണീയ പ്രവണതകള്‍ അവസാനിപ്പിക്കുന്നതിനായി ടൂറിസം നയത്തില്‍ പ്രഖ്യാപിച്ച ടൂറിസം റഗുലേറ്ററി അതോറിറ്റി ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും ടൂറിസം മന്ത്രി അറിയിച്ചു. ടൂറിസം ഗൈഡുകള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തും. അനധികൃത ഗൈഡുകളെ ടൂറിസം കേന്ദ്രങ്ങളില്‍ അനുവദിക്കില്ല. സുരക്ഷ കൂട്ടുന്നതിനൊപ്പം ടൂറിസ്റ്റുകളുടെ സ്വകാര്യത ലംഘിക്കപ്പെടാതിരിക്കാനും പോലീസ് ശ്രദ്ധിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

കോവളം, ശംഖുമുഖം തീരങ്ങളില്‍ വിനോദസഞ്ചാരികള്‍ക്കായി കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും. .മലബാറിലെ 7 നദികളെ ബന്ധിപ്പിച്ചുള്ള റിവര്‍ ക്രൂയിസ് പദ്ധതി ഈ മാസം അവസാനം ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. വിദേശ വനിതയുടെ കൊലപാതകത്തെ തുടര്‍ന്ന് ടൂറിസം പോലീസിനെ ശക്തിപ്പെടുത്താന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും ഡിജിപി ലോക് നാഥ് ബഹ്‌റയും ടൂറിസം, പോലീസ് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 180 ടൂറിസം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നത്.

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ടൂറിസം പോലീസിന്റെ ആവശ്യകത, ടൂറിസം പോലീസും സുസ്ഥിര ടൂറിസവും, ടൂറിസം സുരക്ഷയും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയും, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സുരക്ഷയും സംരക്ഷണവും തുടങ്ങിയ വിഷയങ്ങള്‍ പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പോലീസ് വകുപ്പില്‍ നിന്ന് എഡിജിപി ബി. സന്ധ്യ, എഡിജിപി എസ്. ആനന്ദകൃഷ്ണന്‍, ഐജി പി.വിജയന്‍, ഹൈടെക് സെല്‍ എസ് ഐ കൃഷ്ണന്‍ പോറ്റി കെ.ജി, മുന്‍ ഡിജിപിമാരായ ജേക്കബ് പുന്നൂസ്, അലക്‌സാണ്ടര്‍ ജേക്കബ്, ടൂറിസം മേഖലയില്‍ നിന്ന് കെ.ജി മോഹന്‍ലാല്‍, ഇ.എം നജീബ്, ഡി.ചന്ദ്രസേനന്‍ നായര്‍, ബേബി മാത്യു, അനീഷ് കുമാര്‍, ഡോ.ബി വിജയകുമാര്‍, വ്യക്തിത്വ വികസന പരിശീലകന്‍ ഡോ. എസ്.വി സുധീര്‍ എന്നിവരാണ് പരിശീലന പരിപാടിയില്‍ വിവിധ സെഷനുകള്‍ നയിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ ജാഫര്‍ മാലിക് ഐഎഎസ്, കിറ്റ്‌സ് ഡയറക്ടര്‍ രാജശ്രീ അജിത്, കിറ്റ്‌സ് പ്രിന്‍സിപ്പാള്‍ ബി. രാജേന്ദ്രന്‍, ടൂറിസം വ്യവസായി ഡി. ചന്ദ്രസേനന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

11-Jun-2018