കോട്ടയം ലോകസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ യു ഡി എഫ് തയ്യാറുണ്ടോ ?

കോട്ടയം : കോട്ടയം ലോകസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ യു ഡി എഫ് തയ്യാറുണ്ടോ എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വെല്ലുവിളിച്ചു. ജോസ് കെ മാണി കോട്ടയം ലോകസഭയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് മെമ്പറാണ്. ലോകസഭാ മെമ്പറായിരിക്കെയാണ് ആ സ്ഥാനം അസാധുവാക്കി അദ്ദേഹം രാജ്യസഭാ അംഗത്വം സ്വീകരിക്കുന്നത്. ഇതിലൂടെ കോട്ടയം ലോകസഭാ മണ്ഡലത്തിലെ വോട്ടര്‍മാരെ അപമാനിക്കുകയാണ് ജോസ് കെ മാണിയും കേരള കോണ്‍ഗ്രസും യു ഡി എഫുമെന്ന് കോടിയേരി പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസുകാര്‍ രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ കടുത്ത പ്രതിഷേധ പ്രസ്താവനകളാണ് ഇറക്കുന്നത്. കോണ്‍ഗ്രസുകാരുടെ പ്രതികരണങ്ങളില്‍ ആത്മാര്‍ത്ഥതയും അവര്‍ക്ക് നട്ടെല്ലുമുണ്ടെങ്കില്‍ ജോസ് കെ മാണിക്കെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തയ്യാറാവണം. അങ്ങനെചെയ്താല്‍ മറ്റുകാര്യങ്ങള്‍ അപ്പോള്‍ ആലോചിക്കാം. കോട്ടയം മണ്ഡലത്തില്‍ ഇനി ഒരു വര്‍ഷത്തേയ്ക്ക് എം പിയില്ലാത്ത സ്ഥിതിയാണ്. ഇതോടെ ഏഴുകോടിയുടെ ആസ്തി വികസനഫണ്ട് മണ്ഡലത്തിന് നഷ്ടമാകും. 'ഡബിള്‍ റോള്‍' അഭിനയിച്ച് ജോസ് കെ മാണി വോട്ട് ചെയ്ത ജനങ്ങളെ വഞ്ചിച്ചിരിക്കുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലത്തിലൂടെ കേരളത്തില്‍ ഇനി രക്ഷയില്ലെന്ന് കോണ്‍ഗ്രസിനും യു ഡി എഫിനും മനസ്സിലായി കഴിഞ്ഞു. കേരളത്തില്‍ ഇടതുപക്ഷത്തിന്റെ നിലപാടുകളും നയങ്ങളുമാണ് ശരിയെന്ന് ജനങ്ങള്‍ വിധിയെഴുതി കഴിഞ്ഞു. അത് മനസിലാക്കിയാണ് ലോകസഭയില്‍ മത്സരിക്കാതെ ജോസ് കെ മാണി രാജ്യസഭയിലേക്ക് പോകാനൊരുങ്ങുന്നതെന്ന് കോടിയേരി പറഞ്ഞു.

ബാര്‍കോഴ കേസില്‍ കോണ്‍ഗ്രസ് പിന്നില്‍ നിന്നും കുത്തിയെന്ന് പറഞ്ഞാണ് കെ എം മാണി യു ഡി എഫ് വിട്ടത്. 'സ്‌നേഹം തിരിച്ചുകിട്ടി'യെന്നാണ് ഇപ്പോള്‍ മാണി പറയുന്നത്. എന്താണ് ആ സ്‌നേഹമെന്ന് വ്യക്തമാക്കണം. യു ഡി എഫ് കാലത്ത് ആഭ്യന്തരമന്ത്രിയായിരുന്ന ചെന്നിത്തലയാണ് തനിക്കെതിരെ ബാര്‍ കോഴ കേസ് ഉണ്ടാക്കിയതെന്ന് പറഞ്ഞാണ് മാണി അന്ന് യു ഡി എഫ് വിട്ടത്. കോണ്‍ഗ്രസില്‍നിന്ന് അന്ന് കിട്ടിയ കുത്തിന്റെ വേദനമാറിയോയെന്ന് മാണി പറയണം. മാണി തിരിച്ചെത്തിയപ്പോള്‍ കോണ്‍ഗ്രസില്‍ കൂട്ടയടിയാണ്. രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ ഇപ്പോള്‍ നടക്കുന്നത് ചക്കളത്തിപ്പോരാട്ടം മാത്രമാണ്. അത് രാഷ്ട്രീയപ്രശ്‌നമല്ല. സ്ഥാനമാനങ്ങള്‍ക്കുവേണ്ടിയുള്ള കലഹം മാത്രമാണ്. ഈ തമ്മിലടി കണ്ട് കേരളം കോണ്‍ഗ്രസിനെയും യു ഡി എഫിനെയും വിലയിരുത്തുകയാണ്. കോടിയേരി വ്യക്തമാക്കി.

ചെങ്ങന്നൂരിലെ ദയനീയമായ തോല്‍വിയോടെ യു ഡി എഫിന്റെ നേതൃത്വമായി മുസ്ലീം ലീഗ് മാറിയിരിക്കയാണ്. അവരാണ് യു ഡി എഫിലെ അവസാനവാക്ക്. ലീഗ് പറഞ്ഞവര്‍ക്കാണ് രാജ്യസഭാസീറ്റ് കൊടുത്തത്. കോണ്‍ഗ്രസുകാര്‍ക്ക് സ്ഥാനാര്‍ഥിയാകണമെങ്കില്‍ പാണക്കാട് പോയി നിവേദനം നല്‍കേണ്ട ഗതികേടാണ്. അത് മനസ്സിലാക്കിയതുകൊണ്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മലപ്പുറം ഡി സി സി ഓഫീസില്‍ ലീഗിന്റെ പതാക ഉയര്‍ത്തിയത്. കെ പി സി സി പ്രസിഡന്റിനെ നിശ്ചയിക്കുമ്പോഴും ഹൈക്കമാന്‍ഡ് മുസ്ലീംലീഗിന്റെ നിര്‍ദേശം പരിഗണിക്കുമെന്നുള്ളതുകൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ ലീഗുകാര്‍ക്ക് മുന്നില്‍ വിനയാന്വിതരായി നില്‍ക്കുന്നത്. നിയമസഭാ പ്രതിപക്ഷ ഉപനേതൃസ്ഥാനം കോണ്‍ഗ്രസില്‍നിന്നും വാങ്ങിയെടുത്തപ്പോള്‍ തന്നെ ലീഗ് യുഡിഎഫില്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. ഇന്ന് പ്രതിഷേധം പ്രകടിപ്പിക്കുന്ന കോണ്‍ഗ്രസ് യുവ എംഎല്‍എമാര്‍ അന്നെവിടെയായിരുന്നു എന്നും കോടിയേരി ചോദിച്ചു.

 

12-Jun-2018