ടീസ്ത സെതല്‍വാദിന്റെയും ബി.ആര്‍. ശ്രീകുമാറിന്റെയും അറസ്റ്റില്‍ പ്രതികരണവുമായി സ്പീക്കര്‍ എം.ബി. രാജേഷ്

സാമൂഹ്യപ്രവര്‍ത്തക ടീസ്ത സെതല്‍വാദിനെയും മുന്‍ ഡി.ജി.പി ആര്‍.ബി. ശ്രീകുമാറിനെയും അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധവുമായി കേരള നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ്. നീതിപീഠത്തിനു മുന്നിൽ നീതി യാചിച്ച രണ്ട് മനുഷ്യരെ വീട്ടിൽ നിന്ന് പിടിച്ചുകൊണ്ടു പോയിരിക്കുന്നു. അവരിനി വെളിച്ചം കാണുമോ എന്ന് പ്രവചിക്കുന്നതിനു പോലും ഇന്നത്തെ ഇന്ത്യയിൽ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. ഇത്ര 'സമുചിത'മായി അടിയന്തിരാവസ്ഥ വാർഷികം ആഘോഷിക്കാവുന്ന വിധം രാജ്യം മാറിയിരിക്കുന്നു എന്ന് അദ്ദേഹം പറയുന്നു.

യഥാർഥത്തിൽ വാർഷികത്തിന് പ്രത്യേക പ്രാധാന്യമൊന്നുമില്ലാത്ത വിധം അടിയന്തിരാവസ്ഥ സാധാരണ വ്യവസ്ഥയായി മാറിയിട്ട് കുറച്ചായല്ലോ. അതിനെയല്ലേ പുതിയ ഇന്ത്യയെന്ന് വിളിക്കുന്നത്?
ഭരണഘടനയുടെ ആമുഖത്തിൽ തിളങ്ങുന്ന വാഗ്ദാനമാണല്ലോ എല്ലാ പൗരന്മാർക്കും നീതി എന്നത്. ആ വാഗ്ദത്ത നീതിക്കു വേണ്ടി ശബ്ദമുയർത്തുന്നതു പോകട്ടെ, സൗമ്യമായി യാചിക്കുന്നതു പോലും സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ കാലത്ത് കുറ്റകൃത്യമായിത്തീരുന്നു! നീതിക്കുവേണ്ടി മുട്ടിയാൽ വീടിന്റെ വാതിൽക്കൽ ഭരണകൂടത്തിന്റെ മുട്ട് കേൾക്കേണ്ടിവരുന്നതാണോ ജനാധിപത്യമെന്നും സ്പീക്കർ ചോദിക്കുന്നു.

നീതിയുടെ വാതിലുകൾക്കു പകരം കൽത്തുറുങ്കിന്റെ വാതിലുകൾ തുറക്കുന്നത് എത്ര ഭീദിതമാണ്! അടിയന്തിരാവസ്ഥയിൽ "ചെന്നായ്ക്കും ആട്ടിൻകുട്ടിക്കും ഒരേ നീതി കൊടുക്കുന്ന" നിഷ്പക്ഷതയെ കവി നിർദ്ദയം വിമർശിച്ചു. ഇന്ന് ആ നിഷ്പക്ഷതയുടെ പ്രശ്നം പരിഹരിക്കപ്പെട്ടിരിക്കുന്നു. പക്ഷം വ്യക്തമായിരിക്കുന്നതായി എംബി രാജേഷ് പറയുന്നു.

ജനാധിപത്യത്തെ താങ്ങിനിർത്തുന്നത് തൂണുകളാണ്. എന്നാൽ തൂണുകളിൽ മാത്രം ആശ്രയം അർപ്പിച്ചുറങ്ങിയാൽ നാളെയൊരു ജനാധിപത്യപ്പുലരിയിലേക്ക് ഉണരാനാവണമെന്നില്ല. ആനയുടെ നാല് കാലുകൾക്കു കീഴിൽ കിടന്നുറങ്ങുന്ന പാപ്പാൻമാരെപ്പോലെയാവുമത് (പ്രകോപനമില്ലാതെ ആന ഉപദ്രവിക്കാറില്ലെങ്കിലും ) . ജനാധിപത്യത്തിലെ പരമാധികാരികൾ ജനങ്ങളാണ്. സൗധവും തൂണുകളുമെല്ലാം നിർമിച്ചത് ജനങ്ങളാണ്. അവർക്കു വേണ്ടിയാണ്. ഭരണഘടന 'നാം ഇന്ത്യയിലെ ജനങ്ങൾ' ( We the people of India) എന്ന വാക്കുകളാൽ തുടങ്ങുന്നത് യാദൃശ്ഛികമല്ല. അവരാണ് അടിയന്തിരാവസ്ഥയെ തോൽപിച്ചത്. അന്നത്തേതു പോലെ ജനങ്ങൾ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും കാവലാളാകേണ്ട കാലമാണിത് എന്ന് അദ്ദേഹം ഓർമ്മപ്പെടുത്തുന്നു.

26-Jun-2022