ആവിക്കൽതോട്‌ മാലിന്യ സംസ്കരണ പ്ലാന്റിൽ ഉപയോഗിക്കുക‌ അത്യാധുനിക സാങ്കേതിക വിദ്യ: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ ആവിക്കല്‍ തോട് പ്രദേശത്ത് സ്ഥാപിക്കുന്ന മാലിന്യ സംസ്ക്കരണ പ്ലാന്റ് ഇന്ന് ലഭ്യമായ ഏറ്റവും മികച്ച സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ളതാണെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിയമസഭയിൽ പറഞ്ഞു. പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തെ ഒരു തരത്തിലും ബാധിക്കാത്ത പദ്ധതിയാണിത്‌. അത്യന്തം മലിനീകരിക്കപ്പെട്ട ആവിക്കല്‍ തോടുള്‍പ്പെടെയുള്ള ജലസ്രോതസ്സുകളും മലിന ജലവും ശാസ്ത്രീയമായി സംസ്ക്കരിക്കുക വഴി അവിടുത്തെ ജനങ്ങളുടെ ജീവിതത്തെ ആരോഗ്യകരമാക്കാന്‍ സഹായിക്കുന്നതുമാണ് ഈ പദ്ധതി.

ഒരു മലിനീകരണവുമില്ലാത്ത നിലയിൽ സമാനമായ പദ്ധതി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടപ്പിലാക്കിയിട്ടുണ്ട്‌. ആവിക്കൽതോട്‌ പ്രദേശത്തെ സമരക്കാർ തന്നെ ഇക്കാര്യം കണ്ട്‌ ബോധ്യപ്പെട്ട്‌ സമരത്തിൽ നിന്ന് പിന്മാറിയിരുന്നു. കണ്ണൂരിൽ സമാനമായ പ്രതിഷേധം ഉണ്ടായപ്പോളും സമരക്കാർ പിന്മാറിയത്‌ ഈ മാതൃക കണ്ടാണ്‌‌. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഈ മാലിന്യപ്ലാന്റിന്‌ ചുറ്റും ഒരു പൂന്തോട്ടവും പാർക്കും നിർമ്മിക്കാൻ നഗരസഭ 3 കോടിയുടെ പദ്ധതി രൂപകൽപ്പന ചെയ്തിട്ടുണ്ട്‌. സമാനമായ നിലയിൽ ആവിക്കൽതോടിനെയും നഗരസഭയുടെ സഹായത്തോടെ ഒരു ടൂറിസം ഡെസ്റ്റിനേഷൻ ആക്കിമാറ്റാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. എം കെ മുനീർ എം എൽ എയുടെ അടിയന്തര പ്രമേയ നോട്ടീസിനായിരുന്നു മന്ത്രിയുടെ മറുപടി.


അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന ഈ പദ്ധതി കോര്‍പ്പറേഷന്റെ കൈവശമുള്ള 74 സെന്റ് ഭൂമിയിലാണ് നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളത്. 60 കോടി രൂപ ചെലവ് കണക്കാക്കിയിട്ടുള്ള ഈ പദ്ധതി 2023മാര്‍ച്ച് 31 ന് മുമ്പായി പൂര്‍ത്തിയാക്കേണ്ടതാണ്. അല്ലാത്ത പക്ഷം അമൃത് പദ്ധതിയില്‍ ലഭ്യമായ തുക നഷ്ടപ്പെടാനിടയാകുന്ന സാഹചര്യമുണ്ടാകും. കൂടാതെ കേരളത്തിലെ ഖരദ്രവമാലിന്യ സംസ്കരണ സംവിധാനങ്ങളുടെ അഭാവം സംബന്ധിച്ച് ഒട്ടേറെ പരാതികളും കേസുകളും ദേശീയ ഹരിത ട്രിബ്യൂണലില്‍ നിലനില്‍ക്കുന്നുണ്ട്. വിവിധ കേസുകളിലായി ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ സംസ്ഥാന സര്‍ക്കാരിനും കേരളത്തിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങളെല്ലാം തന്നെ സമയബന്ധിതമായി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്.

ഏറ്റവും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് യാതൊരു മലിനീകരണ സാധ്യതയും ഇല്ലാതെ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയാണ് ആവിക്കല്‍ മാലിന്യ സംസ്ക്കരണ പ്ലാന്റ്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും തീരദേശ പരിപാലന അതോറിറ്റിയുടെയും മറ്റ് നിയമപരമായ ഏജന്‍സികളുടെയും എല്ലാവിധ അനുമതിയും അംഗീകാരവും ലഭിച്ചതിനുശേഷമാണ് പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. കരാറുകാരൻ പ്രവൃത്തി ആരംഭിക്കാന്‍ തുടങ്ങിയതോടെ ചില ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധമുയർന്നിരുന്നു. പ്രവൃത്തി ആരംഭിക്കുന്നതിന് മുമ്പ് 26.08.2021 ന് എല്ലാ കൗൺസിലർമാർക്കുമായി വിശദമായ പദ്ധതി അവതരണം കോര്‍പ്പറേഷന്‍ നടത്തി. 22.09.2021 ന് വാർഡ്തല കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. അതിനു മുമ്പ് 20.09.2021 ന് മേയർ, കൗൺസിലർമാർ, കോർപ്പറേഷൻ - അമൃത് പദ്ധതിയുടെ ഉദ്യോഗസ്ഥർ, കോൺട്രാക്ടർ എന്നിവരുടെ സാന്നിധ്യത്തിൽ കോഴിക്കോട് ഹൈലൈറ്റ് മാളിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സന്ദര്‍ശിച്ച് സമാനമായ സാഹചര്യം കണ്ട് ബോധ്യപ്പെട്ടിരുന്നു.

29.09.2021 ന് പൊതുജനാഭിപ്രായ രൂപീകരണത്തിനായി യോഗം ചേർന്നു. 06.10.2021 ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എൻവയോൺമെന്റൽ എഞ്ചിനീയറുമായി ഈ വിഷയത്തിൽ കോര്‍പ്പറേഷന്‍ ഒരു ചർച്ച നടത്തി. 30.11.2021-ന് മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്ന് അന്തിമ അനുമതി ലഭിച്ചു. മണ്ണു പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ നേരത്തെ ആരംഭിച്ചിരുന്നുവെങ്കിലും സാങ്കേതികമായ കാരണങ്ങളാല്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാല്‍ 11.11.2021 ന് വീണ്ടും മണ്ണു പരിശോധന നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ മുഴുവന്‍ വിഭാഗം ജനങ്ങളെയും ബോധ്യപ്പെടുത്തിക്കൊണ്ട് മാത്രം പ്രവൃത്തികളുമായി മുന്നോട്ടു പോയാല്‍ മതി എന്നതിനാല്‍ മണ്ണുപരിശോധന തല്‍ക്കാലം മാറ്റി വച്ചിരുന്നു. തുടര്‍ന്ന് പദ്ധതി മുന്നോട്ടു കൊണ്ടു പോകാന്‍ പൊതുയോഗങ്ങളും സര്‍വ്വകക്ഷിയോഗവും വിളിച്ചു ചേര്‍ത്തിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍മാരുടെ പ്രത്യേക യോഗം മേയറുടെ ചേംബറില്‍ വിളിച്ചു ചേര്‍ത്തിരുന്നു. 26.11.2021 ന് പൊതുയോഗം ചേര്‍ന്നിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള യോഗം 22.12.2021 ന് മേയറുടെ ചേംബറില്‍ വിളിച്ചു ചേര്‍ത്തിരുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സ്ഥലം സന്ദര്‍ശിക്കുകയും മേയറുമായി 27.12.2021ന് ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്. എം. എല്‍. എ.യുടെ സാന്നിദ്ധ്യത്തില്‍ 02.01.2022 ന് നടന്ന ആലോചനായോഗത്തിലെ തീരുമാനപ്രകാരം 07.01.2022 ന് വാര്‍ഡ് തല ആലോചനായോഗം കൂടി നിശ്ചയിച്ചിട്ടുണ്ടായിരുന്നു. പ്രവൃത്തി ആരംഭിക്കുന്നത് സംബന്ധിച്ച് നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കളക്ടറുമായും ജില്ലാ പോലീസ് മേധാവികളുമായും 19.01.2021ന് മേയര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇതിനുശേഷം മണ്ണു പരിശോധന നടപടികള്‍ പുനരാരംഭിച്ചപ്പോള്‍ ഏതാനും ചിലയാളുകൾ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പണി നിര്‍ത്തി വയ്ക്കുകയാണ് ചെയ്തിട്ടുള്ളത്. പ്രശ്നം പരിഹരിക്കുന്നതിനായി 11.03.2022 ന് മേയറുടെ ചേംബറില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. യോഗത്തിലെ തീരുമാനവും ജില്ലാകളക്ടറുടെ നിര്‍ദ്ദേശവും കൂടി പരിഗണിച്ച് പൊതുജന ബോധവത്ക്കരണത്തിനായി കോര്‍പ്പറേഷൻ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

പദ്ധതി സംബന്ധിച്ച സംശയങ്ങളും ചോദ്യങ്ങളും അവയ്ക്കുള്ള മറുപടിയും പൊതുജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുകയും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. 20/03/2022 ന്, തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ അമൃത് പദ്ധതി പ്രകാരം തന്നെ നടപ്പിലാക്കിയിട്ടുള്ള ദ്രവമാലിന്യ സംസ്ക്കരണ പ്ലാന്റ് സമീപവാസികളെ ഉള്‍പ്പെടുത്തി സന്ദര്‍ശിക്കുകയും ഇത്തരത്തിലുള്ള മാലിന്യപ്ലാന്റ് യാതൊരു പാരിസ്ഥിതിക പ്രശ്നമോ സമീപവാസികള്‍ക്ക് പ്രയാസമോ ഉണ്ടാക്കില്ല എന്ന് നേരിട്ട് കണ്ട് ബോധ്യപ്പെട്ടിട്ടുള്ളതുമാണ്.

പ്ലാന്റിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നിരവധി ഹ്രസ്വ വീഡിയോകൾ തയ്യാറാക്കി പൊതുജനങ്ങൾക്കായി പ്രചരിപ്പിക്കുകയും അത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ (മേയറുടെ ഔദ്യോഗിക എഫ്ബി പേജ്, വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ, കോർപ്പറേഷൻ വെബ്‌സൈറ്റ്) സ്ട്രീം ചെയ്യുകയും ചെയ്യുന്നു.

എന്നാൽ ഏതാനും ആളുകള്‍ പദ്ധതിയെ ഇപ്പോഴും എതിർക്കുകയും പദ്ധതിയുടെ സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. മേയർ ജില്ലാ കളക്ടറുമായും പോലീസ് മേധാവിയുമായും ഒരു കൂടിക്കാഴ്ചയും സംഘടിപ്പിച്ചിട്ടുണ്ട്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്‍ദ്ദേശം കൂടി ഉള്ളതിനാല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം വീണ്ടും പ്രവൃത്തി ആരംഭിക്കാന്‍ കോര്‍പ്പറേഷൻ തീരുമാനിച്ചു. തുടര്‍ന്ന് 10.06.2022 ന് കളക്ടറുടെ ചേംബറിൽ ഒരു യോഗം ചേരുകയും 16/06/22 നകം STP പ്രവൃത്തി ആരംഭിക്കാൻ തീരുമാനിക്കുകയും ചെയ്തു. 23/06/22 ന് പണി പുനരാരംഭിച്ചു. സ്ഥലം വൃത്തിയാക്കലും സർവേ ജോലികളും മണ്ണ് പരിശോധനയും പൂർത്തിയായി. നിലവില്‍ പണി പുരോഗമിച്ചു വരുന്നു.

ഈ വസ്തുതകള്‍ എല്ലാം തന്നെ പരിശോധിച്ചാല്‍ നിലവില്‍ പദ്ധതിക്കെതിരെ നടക്കുന്ന സമരം അടിസ്ഥാന രഹിതമായ ആശങ്കയുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് തിരിച്ചറിയാന്‍ കഴിയും. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ സമരരംഗത്തിറക്കാൻ തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണ്‌ ശ്രമിക്കുന്നത്‌. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ബഹുഭൂരിപക്ഷം ജനങ്ങൾക്കും പദ്ധതിയെക്കുറിച്ച്‌ ശരിയായ അവബോധം ഉണ്ട്‌. എല്ലാ വിഭാഗം ജനങ്ങളെയും ജനപ്രതിനിധികളെയും വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും മാത്രമാണ് പദ്ധതിയുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുള്ളത്.

പൊതുജനങ്ങളില്‍ നിന്നോ ജനപ്രതിനിധികളില്‍ നിന്നോ എന്തെങ്കിലും മറച്ചു വച്ചുകൊണ്ട് നടത്തേണ്ട ഒന്നല്ല മാലിന്യ സംസ്ക്കരണ പദ്ധതികള്‍ എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്. എല്ലാ വിഭാഗം ജനങ്ങളെയും വിശ്വാസത്തിലെടുത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ 5 വര്‍ഷം കൊണ്ട് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ മാലിന്യ സംസ്ക്കരണ മേഖലയില്‍ നടത്താന്‍ നമുക്ക് സാധിച്ചിട്ടുള്ളത്.

ഏറെ ജനസാന്ദ്രതയുള്ളതും ജനങ്ങള്‍ എമ്പാടും പാര്‍ക്കുന്നതുമായ നമ്മുടെ നാട്ടില്‍ കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ള ഖരദ്രവമാലിന്യങ്ങള്‍ നമ്മുടെ കുടിവെള്ളത്തെപ്പോലും മലിനീകരിക്കുന്ന സാഹചര്യമാണ് ഉള്ളത്. ഏറെ ആരോഗ്യപ്രശ്നങ്ങള്‍ അതുണ്ടാക്കുന്നുണ്ട്. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്നതാണ് നാം ഏറെക്കാലമായി മുന്നോട്ടു വയ്ക്കുന്ന ക്യാമ്പയിന്‍. അതുകൊണ്ടു തന്നെ നമ്മുടെ നാട്ടില്‍ ഉല്പാദിപ്പിക്കപ്പെടുന്ന മാലിന്യം നമ്മുടെ നാടിനെ മലിനപ്പെടുത്താതിരിക്കാനും നമ്മുടെ ജനത്തിന്റെ ആരോഗ്യത്തെ ബാധിക്കാതി രിക്കാനും അവ ശാസ്ത്രീയമായി സംസ്ക്കരിക്കേണ്ടതുണ്ട് എന്ന കാര്യത്തില്‍ രാഷ്ട്രീയപരമായോ മറ്റെതെങ്കിലും തരത്തിലോ അഭിപ്രായവ്യത്യാസം ഉണ്ടാകും എന്നു കരുതുന്നില്ല.


ഖരമാലിന്യത്തോടൊപ്പം ദ്രവമാലിന്യവും ശാസ്ത്രീയമായി സംസ്ക്കരിക്കുക എന്നത് ഈ സര്‍ക്കാരിന്റെ വികസന ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതത്തിന്റെ ഭാഗമായി നല്‍കിയ വികസനഫണ്ട്, സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി നല്‍കിയ ഫണ്ട്, ലോകബാങ്ക് സഹായം പോലുള്ള മറ്റ് ഏജന്‍സികളില്‍ നിന്നുള്ള സാമ്പത്തിക സഹായം എന്നിവ വിനിയോഗിച്ച് ശാസ്ത്രീയവും പ്രായോഗികവുമായ ഖരദ്രവ മാലിന്യ സംസ്ക്കരണ സാഹചര്യം കേരളത്തില്‍ സാധ്യമാക്കിയെടുക്കുക എന്നത് ഈ സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. മറ്റു വികസന മേഖലകളിലെല്ലാം മാതൃകകള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന കേരളത്തില്‍ മാലിന്യ സംസ്ക്കരണം എന്നത് കടുത്ത വെല്ലുവിളിയായി നിലനില്‍ക്കുന്ന സാഹചര്യമുണ്ട്.

ഇത് കേരളത്തിലെ പൊതുജനാരോഗ്യത്തെ മാത്രമല്ല കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥയെകൂടി ബാധിക്കുന്ന അത്യന്തം ഗൗരവമുള്ള വിഷയമാണ്. കേരളം സന്ദര്‍ശിക്കുന്ന സ്വദേശികളും വിദേശികളുമായിട്ടുള്ള ഏതൊരാളും മുന്നോട്ടു വയ്ക്കുന്ന ഒരു പ്രധാനപ്പെട്ട വിഷയമാണ് വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങളും അതുവഴി മലിനീകരിക്കപ്പെടുന്ന പൊതു ഇടങ്ങളും ജലാശയങ്ങളും സൃഷ്ടിക്കുന്ന പ്രയാസങ്ങള്‍. ഈ വിഷയത്തില്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ആറു വര്‍ഷക്കാലമായിട്ട് സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തി വരുന്നുണ്ട്.

ജനകീയമായ ഇടപെടലുകളിലൂടെ മാലിന്യശേഖരണം നടത്തി അവ പരിസ്ഥിതിയ്ക്ക് ദോഷകരമല്ലാത്തവിധം സംസ്ക്കരിക്കുക എന്നത് ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. നവകേരള കര്‍മ്മപരിപാടിയുടെ ഭാഗമായി ഹരിതകേരള മിഷന്‍ വഴി ഏറെ ജനകീയമായ ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തി വരുന്നത്. തെളിനീരൊഴുകും നവകേരളം എന്നത് അതിലേറ്റവും അവസാനം നടത്തിക്കൊണ്ടിരിക്കുന്ന ഒരു പരിപാടിയാണ്.

ജലസ്രോതസ്സുകളില്‍ മാലിന്യം കലരുന്നത് തടയുന്നതു മുതല്‍ പച്ചത്തുരുത്തു വരെ അവ നീളുന്നു. കടലിലെ പ്ലാസ്റ്റിക്ക് ഒഴിവാക്കുന്നതിനുള്ള ശുചിത്വസാഗരം പരിപാടി കൂടി ഇതിനോടൊപ്പം ചേര്‍ത്തു വായിക്കണം. ഇത്തരത്തിലുള്ള ജനകീയ ഇടപെടലുകള്‍ക്കൊപ്പം ശാസ്ത്രീയമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി ക്കൊണ്ട് ഖരദ്രവ മാലിന്യ സംസ്ക്കരണത്തിന് പ്രായോഗികവും പരിസ്ഥിതി സൗഹൃദവുമായ കേന്ദ്രീകൃത പ്ലാന്റുകളും സ്ഥാപിക്കേണ്ടതുമുണ്ട്. ഇക്കാര്യത്തിൽ പ്രതിപക്ഷത്തിനും എതിരഭിപ്രായം ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു

05-Jul-2022