നാടുകടത്തപ്പെട്ട ആറ് വര്‍ഷങ്ങള്‍

കണ്ണൂര്‍ : നാടുകടത്തപ്പെട്ട ആറ് വര്‍ഷങ്ങള്‍ കാരായി രാജന്റെയും കാരായി ചന്ദ്രശേഖരന്റെയും ജീവിതത്തിലെ തിരിച്ചുപിടിക്കാനാവാത്ത കാലയളവാണ്. നിരപരാധികളെ കുറ്റവാളികളെന്ന് മുദ്രകുത്തി നാടുകടത്തുന്ന നിയമവ്യവസ്ഥിതിയുടെ ഹൃദയരാഹിത്യത്തിന്റെയും കേന്ദ്ര അന്വേഷണ ഏജന്‍സിയായ സി ബി ഐയെ ഉപയോഗിച്ച് രാഷ്ട്രീയമായി വേട്ടയാടുന്നതിന്റെയും നേര്‍ചിത്രങ്ങളാണ് കാരായി രാജനും ചന്ദ്രശേഖരനും. ഫസല്‍ വധക്കേസിന്റെ പേരിലാണ് ഇവരെ വര്‍ഷങ്ങളായി വേട്ടയാടുന്നത്.

തലശേരിയിലെ വിവാദമായ ഫസല്‍വധക്കേസ്. ആര്‍ എസ് എസിന്റെ മൂശയില്‍ വിരിഞ്ഞ പാതകമായിരുന്നു. പക്ഷെ, നിരപരാധികളായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും കേസില്‍ പ്രതികളാക്കുന്ന സ്ഥിതിയുണ്ടായി. 2012 ജൂണ്‍ 22ന് അവരെ എറണാകുളം കോടതിയില്‍ ഹാജരാക്കി. കുറെനാളുകള്‍ ജയിലില്‍. പിന്നീട് എറണാകുളം ജില്ല വിട്ടുപോകരുതെന്ന ഉപാധിയോടെയായിരുന്നു ജാമ്യം നല്‍കി. അപ്പോഴൊക്കെ യഥാര്‍ത്ഥ കുറ്റവാളികള്‍ പുതിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു.

ആര്‍ സെ് എസ് ക്രിമിനലായ കുപ്പി സുബീഷ് നിയമപാലകര്‍ക്ക് മുന്നില്‍ നടത്തിയ കുറ്റസമ്മതമൊഴിയില്‍ ഫസല്‍ വധത്തിന്റെ പിന്നിലുള്ള ഗൂഡാലോചനയും സംഭവത്തിന്റെ വിശദാംശങ്ങളും വ്യക്തമായുണ്ട്. തലശേരി സൈദാര്‍പള്ളിക്കടുത്ത ജെടി റോഡില്‍ 2006 ഒക്ടോബര്‍ 22ന് പുലര്‍ച്ചെയാണ് എന്‍ഡിഎഫ് പ്രവര്‍ത്തകനും തേജസ് പത്രഏജന്റുമായ ഫസല്‍ വെട്ടേറ്റു മരിച്ചത്. ആര്‍ എസ് എസാണ് ആ കൊലപാതകത്തിന് പിന്നിലെന്ന് ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. ആര്‍ എസ് എസും തങ്ങളല്ല കൊല നടത്തിയതെന്ന് പറഞ്ഞതുമില്ല. അന്വേഷണം നീങ്ങിയതും ആ വഴിക്കുതന്നെയായിരുന്നു. ഇപ്പോള്‍ മാധ്യമങ്ങളിലൂടെ വിവാദനായകനായ ഡി വൈ എസ് പി രാധാകൃഷ്ണന്‍ അന്വേഷണത്തിനെത്തിയതോടെയാണ് കേസില്‍ അട്ടിമറി നടന്നത്. തീര്‍ത്തും രാഷ്ട്രീയമായ ലക്ഷ്യത്തോടെ കോണ്‍ഗ്രസ് - ബി ജെ പി നേതൃത്വത്തിലുള്ള ചിലരുടെ കൈയിലെ പാവയായി ആ പോലീസുകാരന്‍ മാറി. തുടര്‍ന്നാണ് കാരായി രാജനെയും ചന്ദ്രശേഖരനെയും വേട്ടയാടാന്‍ തുടങ്ങിയത്.

നിരപരാധികള്‍ നാടുകടത്തപ്പെട്ട് ജീവിതം തള്ളിനീക്കുമ്പോള്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ കൊലപാതക പരമ്പരകള്‍ തുടരുകയാണ്. ആര്‍ എസ് എസ് നേതൃത്വം ഗൂഡാലോചനയിലൂടെ നടപ്പിലാക്കുന്ന കൊലപാതകങ്ങളില്‍ ഒന്നായ കണ്ണിപ്പൊയില്‍ ബാബുവിനെ കൊന്നതിനും കുപ്പി സുബീഷും കൂട്ടാളികളും പങ്കാളികളായി. അപ്പോഴും നീതിദേവത കണ്ണുകെട്ടിയിരിപ്പാണ്.

22-Jun-2018