തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനാനുമതി നിഷേധിച്ചത് ഫെഡറല്‍ സംവിധാനത്തിന് നിരക്കാത്ത പ്രവര്‍ത്തിയാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. കഴിഞ്ഞ കാലങ്ങളില്‍ പ്രധാന മന്ത്രിമാര്‍ ചോദിച്ച ഉടനെ സന്ദര്‍ശനാനുമതി നല്‍കിയിട്ടുണ്ട്.
സംസ്ഥാനങ്ങളുടെ കാര്യങ്ങള്‍ പ്രധാനമന്ത്രിമാര്‍ കേട്ടേ മതിയാവൂ എന്ന സാമാന്യ തത്വം നരേന്ദ്ര മോദി ലംഘിച്ചുവെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. സന്ദര്‍ശാനനുമതി നിഷേധിച്ചതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന ഏത് നിലപാടിനൊപ്പവും പ്രതിപക്ഷം ഉണ്ടാകും. അരി വിഹിതം വെട്ടിക്കുറച്ചതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതികരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വൈകിയെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
പൊലീസില്‍ ഒരിക്കലും നടക്കരുതാത്തത് നടക്കുന്ന. പാര്‍ട്ടി താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വീഴ്ചകളുടെ ഉത്തരവാദിത്വം ജീവനക്കാരില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നു. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞവര്‍ ഒന്നും ശരിയാക്കുന്നത് കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.