മാധ്യമങ്ങളുടെ നാവരിഞ്ഞു ; മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 161–-ാമത്
അഡ്മിൻ
പാരീസ്: മോദി ഭരണത്തിൽ നാവരിയപ്പെടുന്ന ഇന്ത്യൻ മാധ്യമങ്ങളുടെ ദുരവസ്ഥ വ്യക്തമാക്കി ലോക മാധ്യമസ്വാതന്ത്ര്യ സൂചിക. 180 രാജ്യങ്ങളുടെ പട്ടികയിൽ ഇക്കൊല്ലം ഇന്ത്യ 161–-ാം സ്ഥാനത്തായി. 2022ലെ 150–-ാം സ്ഥാനത്തേക്കാൾ 11 ഇടം പിറകിൽ. പാരിസ് ആസ്ഥാനമായ റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സാണ് (ആർഎസ്‌എഫ്) റിപ്പോർട്ട് പുറത്തിറക്കിയത്. ഭീകരസംഘടനയായ താലിബാൻ ഭരിക്കുന്ന അഫ്‌ഗാനിസ്ഥാൻപ്പോലും മാധ്യമസ്വാതന്ത്ര്യത്തിൽ ഇന്ത്യയേക്കാൾ വളരെ മുന്നില്‍;- 152–-ാം സ്ഥാനം.
മാധ്യമപ്രവർത്തകരുടെ അവസ്ഥ അതിദയനീയമെന്ന് സംഘടനവിലയിരുത്തുന്ന 31 രാഷ്ട്രങ്ങളുടെ പട്ടികയിലാണ് നിലവിൽ ഇന്ത്യ. ഏഷ്യയിൽ മാധ്യമസ്വാതന്ത്ര്യത്തിൽ ഇന്ത്യ ഏറ്റവും പിന്നില്‍. ബംഗ്ലാദേശ്: 163, പാകിസ്ഥാൻ: 150, ഭൂട്ടാൻ: 90, ശ്രീലങ്ക: 135 സ്ഥാനങ്ങളില്‍. നോർവേ, അയർലൻഡ്, ഡെന്മാർക്ക് എന്നിവയാണ് സൂചികയിൽ ആദ്യ മൂന്നുസ്ഥാനത്ത്.
കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം മോശമായി. 2016ൽ 133–-ാം സ്ഥാനത്തായിരുന്നത് 2021ല്‍ 142ൽ എത്തി. ‘2014 മുതൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഭരിക്കുന്ന ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം പ്രതിസന്ധിയിലാണ്. മാധ്യമപ്രവർത്തകർക്കുനേരെ കൂടിവരുന്ന ആക്രമണം, മാധ്യമങ്ങൾക്കിടയിലെ രാഷ്ട്രീയ ഭിന്നതകൾ, മാധ്യമ ഉടമസ്ഥതയുടെ കേന്ദ്രീകരണം തുടങ്ങിയവയെല്ലാം ഇക്കാലയളവിൽ ഇന്ത്യൻ മാധ്യമങ്ങളെ ശോചനീയ അവസ്ഥയിലാക്കി’–- റിപ്പോർട്ട് പറയുന്നു.
മോദി സർക്കാരും കോർപറേറ്റുകളും തമ്മിലുള്ള പരസ്പര സഹായ ധാരണയാണ് മാധ്യമങ്ങളെ അപകടത്തിലാക്കിയതെന്ന് മോദി–- മുകേഷ് അംബാനി കൂട്ടുകെട്ട് ഉദാഹരണമാക്കി റിപ്പോർട്ട് ചൂണ്ടിക്കാട്ടി. റിലയൻസ് ഇൻഡസ്‌ട്രീസ് ഗ്രൂപ്പ് രാജ്യത്ത് 70 മാധ്യമ സ്ഥാപനങ്ങൾ സ്വന്തമാക്കി. മോദിയുടെ മറ്റൊരു സുഹൃത്തായ ഗൗതം അദാനി എൻഡിടിവി കൈപ്പിടിയിലാക്കിയതും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.മാധ്യമപ്രവർത്തകരുടെ സുരക്ഷയിലാണ് ഇന്ത്യ ഏറ്റവും മോശം(172–-ാം സ്ഥാനം). 180 രാജ്യങ്ങളിൽ ഇന്ത്യയേക്കാൾ പിന്നില്‍ ചൈന, മെക്സിക്കോ, ഇറാൻ, പാകിസ്ഥാൻ, സിറിയ, യമൻ, ഉക്രയ്‌ൻ, മ്യാന്മർ എന്നീ എട്ട് രാജ്യംമാത്രം.