മന്ത്രിമാരെ നിശ്ചയിക്കാനും മാരത്തണ്‍ ചര്‍ച്ച

കര്‍ണാടകയില്‍ കാര്യങ്ങള്‍ അത്ര ശുഭമല്ല. മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ ഭഗീരഥ പ്രയത്‌നം നടത്തേണ്ടി വന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വം മന്ത്രിമാരെ നിശ്ചയിക്കുന്ന കാര്യത്തിലും മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തുകയാണ്. മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ ജംബോ ലിസ്റ്റുമായാണ് നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും ഡല്‍ഹിയിലെത്തിയത്.

നാളെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അടക്കം 20 പേര്‍ സത്യവാചകം ചൊല്ലി അധികാരമേല്‍ക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. ജാതി മത, സാമുദായിക സമവാക്യങ്ങള്‍ കൂടി പരിഗണിച്ചുവേണം മന്ത്രിസഭാംഗങ്ങളെ തിരഞ്ഞെടുക്കാന്‍. മുന്‍ ഉപമുഖ്യമന്ത്രി ജി.പരമേശ്വര, എം.ബി.പാട്ടീല്‍, മല്ലികാര്‍ജുന ഖര്‍ഗെയുടെ മകന്‍ കൂടിയായ പ്രിയാങ്ക് ഖര്‍ഗെ, ലക്ഷ്മണന്‍ സവദി, സതീഷ് ജാര്‍ക്കഹോളി, ലക്ഷ്മി ഹബ്ബാള്‍ക്കര്‍ തുടങ്ങിയവര്‍ ഇതിനകം സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.

മുസ്‌ലീം വിഭാഗത്തില്‍ നിന്നു മൂന്നുപേര്‍ മന്ത്രിസഭയിലെത്തും. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് സമീര്‍ അഹമ്മദ്, ചാമരാജ് പേട്ട് എംഎല്‍എയായ സമീര്‍ അഹമ്മദ് ഖാന്‍ എന്നിവരുടെ കാര്യത്തില്‍ ഏകദേശ ധാരണയായി. ഹിജാബണിഞ്ഞ് മത്സരിച്ചു ദേശീയ ശ്രദ്ധ നേടിയ കലബുറഗി നോര്‍ത്ത് എം.എല്‍.എ ഖനീസ് ഫാത്തിമയ്ക്കും ചിലപ്പോര്‍ നറുക്ക് വീണേക്കും.

19-May-2023