ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനക്കെതിരെ സിപിഎം

രക്തസാക്ഷികളെക്കുറിച്ചുള്ള തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന രാഷ്ട്രീയ വിവാദമാകുന്നു. രാഷ്ട്രീയ രക്തസാക്ഷികള്‍ അനാവശ്യമായി കലഹിക്കാന്‍ പോയി വെടിയേറ്റു മരിച്ചവരാണെന്നും പ്രകടനത്തിനിടെ പോലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍നിന്ന് തെന്നിവീണ് മരിച്ച് രക്തസാക്ഷികള്‍ ഉണ്ടാവാമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ചെറുപുഴയില്‍ കെ.സി.വൈ.എംയുടെ യുവജനദിനാഘോഷം ഉദ്ഘാടനം ചെയ്യുന്നതിന്നിടെയാണ് ബിഷപ്പ് വിവാദ പ്രസ്താവന നടത്തിയത്. ബിഷപ്പിന്റെ പ്രസ്താവന പുറത്ത് വന്നയുടന്‍ തന്നെ രാഷ്ട്രീയ വിവാദമായിമാറി. പ്രസ്താവനയെ എതിര്‍ത്ത് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജനും സിപിഎം നേതാവ് പി.ജയരാജനും, സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും രംഗത്ത് വന്നിട്ടുണ്ട്.

അടുത്തിടെ രണ്ടാം തവണയാണ് ബിഷപ്പിന്റെ പ്രസ്താവനകള്‍ രാഷ്ട്രീയ വിവാദമായി മാറുന്നത്. റബ്ബര്‍ കിലോയ്ക്ക് 300 രൂപ ഉറപ്പാക്കിയാല്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് സംസ്ഥാനത്ത് എം.പിമാരില്ലെന്ന വിഷമം മാറ്റിത്തരുമെന്ന പാംപ്ലാനിയുടെ പരാമര്‍ശം നേരത്തേ രാഷ്ട്രീയ വിവാദമായിരുന്നു.

ബിജെപിയ്ക്ക് ബിഷപ്പ് നല്‍കുന്ന ശക്തമായ പിന്തുണയായും ലോക്സഭാ തിരഞ്ഞെടുപ്പില്‍ സഭ എടുക്കുന്ന നിലപാടുമായി ബന്ധപ്പെട്ടാണ് ബിഷപ്പിന്റെ പരാമര്‍ശം വീക്ഷിക്കപ്പെട്ടത്. അന്നും സിപിഎമ്മാണ് ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് എതിരെ ശക്തമായി രംഗത്ത് വന്നത്.

'രാഷ്ട്രീയത്തിലെ രക്തസാക്ഷികളെന്നാല്‍, കണ്ടവനോട് അനാവശ്യമായി കലഹിക്കാന്‍ പോയി അതിന്റെ പേരില്‍ വെടിയേറ്റ് മരിച്ചവരുണ്ടാകാം. പ്രകടനത്തിനിടയ്ക്ക് പോലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് തെന്നിവീണ് മരിച്ച രക്തസാക്ഷികള്‍ ഉണ്ടാകാം. പക്ഷേ, 12 അപ്പസ്‌തോലന്മാരുടെ രക്തസാക്ഷിത്വം അവര്‍ നന്മയ്ക്കും സത്യത്തിനും ശ്രേയസിനും ലോകത്തിന്റെ സുസ്ഥിരമായ ഭാവിക്കും ജീവിതത്തിന്റെ മൂല്യങ്ങള്‍ക്കും നിലപാട് സ്വീകരിച്ചതിനാൽ ജീവന്‍ കൊടുക്കേണ്ടി വന്നവരാണ് എന്ന സത്യം ഓര്‍ക്കണമെന്നാണ് പാംപ്ലാനി പറഞ്ഞത്.

രാഷ്ട്രീയ രക്തസാക്ഷികള്‍ അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവരെന്ന് ബിഷപ് പ്രസംഗിച്ചത് എന്തിനു വേണ്ടിയാണ്?ആരെ സഹായിക്കാൻ ആണ് ഈ പ്രസ്താവനയെന്നും ചോദിച്ചാണ് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍ രംഗത്ത് വന്നത്. ഉന്നത സ്ഥാനത് ഇരിക്കുന്ന മഹത് വ്യക്തിയാണ് ബിഷപ്പ്. അങ്ങനെ ഒരാളിൽ നിന്ന് ഇങ്ങനെ ഒരു പ്രസ്താവന ഉണ്ടാകും എന്ന് കരുതാൻ കഴിയില്ല. ഗാന്ധിജി രക്തസാക്ഷിയാ ണ്. ഗാന്ധിജി പാലത്തിൽ നിന്ന് വീണു മരിച്ചതാണോ? .രക്തസാക്ഷികളെ ആദരവോടെ കാണുന്നതാണ് നമ്മുടെ സമൂഹം-ജയരാജന്‍ പറഞ്ഞു.

ബിഷപ്പ് പാംപ്ലാനി ചില അബദ്ധങ്ങള്‍ പറയാറുണ്ടെന്നും ആ കൂട്ടത്തില്‍പ്പെടുത്തേണ്ട ഒന്നാണ് രക്തസാക്ഷികള്‍ക്കെതിരായ പ്രസ്താവനയെന്നുമാണ് സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായ പി. ജയരാജന്‍ പറഞ്ഞത്. 'മഹാത്മാഗാന്ധി രക്തസാക്ഷിയാണ്. മഹാത്മാഗാന്ധിക്ക്‌ ആരുമായി കലഹിച്ചിട്ടാണ് ജീവന്‍വെടിയേണ്ടി വന്നത്? ഗാന്ധിജിയെപ്പോലെ ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്ന ആളുകളെയൊക്കെ അപമാനിക്കുന്ന പ്രസ്താവനയാണ് ബിഷപ്പിന്റെത്-, പി. ജയരാജന്‍ പറഞ്ഞു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും ബിഷപ്പിന്റെ പ്രസ്താവനയെ എതിര്‍ത്ത് രംഗത്ത് വന്നിട്ടുണ്ട്.

21-May-2023