അന്ന് 2 ഗ്രൂപ്പെങ്കിൽ ഇന്ന് 5'; രാജിവെക്കാനുണ്ടായ കാരണം പറഞ്ഞ് വിഎം സുധീരൻ
അഡ്മിൻ
കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാനുണ്ടായ കാരണം തുറന്നു പറഞ്ഞ് കോൺഗ്രസ് നേതാവ് വിഎം സുധീരൻ.പാർട്ടിക്കുള്ളിലെ വിയോജിപ്പാണ് രാജിവെക്കാൻ കാരണം എന്നാണ് സുധീരൻ പറഞ്ഞത്. ഇപ്പോഴും അതിൽ ഒരു മാറ്റവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കോൺഗ്രസിനെ അധികാരത്തിൽ തിരിച്ചെത്തിക്കാനുള്ള പ്രവർത്തനങ്ങളിൽ എപ്പോഴും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ പാർട്ടിയുടെ നേതൃസ്ഥാനത്തിലേക്ക് ഇല്ലെന്നും സുധീരൻ പറഞ്ഞു. 2016ലെ സ്ഥാനാർഥി നിർണയത്തിലുള്ള വിയോജിപ്പാണ് സ്ഥാനം ഉപേക്ഷിക്കാൻ കാരണം. അന്ന് അത് പുറത്തുപറഞ്ഞില്ല എന്നേയുള്ളൂ. ഞാൻ രാജിവെക്കാനുണ്ടായ കാരണത്തിൽ ഇന്നും ഒരു മാറ്റവുമുണ്ടായിട്ടില്ല. അന്ന് രണ്ട് ഗ്രൂപ്പെങ്കിൽ ഇപ്പോഴുള്ളത് അഞ്ച് ഗ്രൂപ്പാണ്. ഇതിൽ മാറ്റം വരണം. - വിഎം സുധീരൻ പറഞ്ഞു.
അതിനിടെ ഇന്ന് 75ാം ജന്മദിനം ആഘോഷിക്കുകയാണ് വിഎം സുധീരൻ. 2017ൽ കെപിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ചതിനുശേഷം പാർട്ടിയിൽ നിന്ന് അകലം പാലിച്ചു നിൽക്കുകയാണ് അദ്ദേഹം. അദ്ദേഹത്തെ നേതൃസ്ഥാനത്തേക്ക് തിരികെ എത്തിക്കാൻ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പടെയുള്ളവർ ശ്രമം നടത്തുന്നുണ്ട്.