ഹിജാബ് ധരിച്ച ഡോക്ടറെ അധിക്ഷേപിച്ചു; ബിജെപി നേതാവിനെതിരെ കേസെടുത്തു

ഹിജാബ് ധരിച്ച് ഡ്യൂട്ടി ചെയ്ത വനിതാ ഡോക്ടറെ ചോദ്യം ചെയ്ത ബിജെപി പ്രവര്‍ത്തകനെതിരെ തമിഴ്നാട് പോലീസ് കേസെടുത്തു. തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലെ തിരുപ്പൂണ്ടിയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് (പിഎച്ച്സി) സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ബിജെപി പ്രവര്‍ത്തകനായ ഭുവനേശ്വര്‍ റാം എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. ഇയാള്‍ ഒളിവിലാണ്.

ഇയാളെ പിടികൂടാന്‍ പോലീസ് പ്രത്യേക സംഘം രൂപീകരിച്ചു. മെയ് 24നാണ് സംഭവം. സുഹൃത്തുമായി ആശുപത്രിയിലെത്തിയ ഇയാള്‍ രാത്രി ഡ്യൂട്ടിയിലായിരുന്ന ഹിജാബ് ധരിച്ച ഡോക്ടറെ കണ്ടപ്പോള്‍ പ്രശ്‌നമുണ്ടാക്കുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.

വനിതാ ഡോക്ടറും വീഡിയോ ചിത്രീകരിച്ചു. എന്തിനാണ് ഹിജാബ് ധരിച്ചതെന്ന് ഇയാള്‍ ഡോക്ടറോട് ചോദിക്കുന്നത് വീഡിയോയില്‍ കാണാം. ഫിര്‍ദൈസ് ജന്നത്ത് എന്ന ഡോക്ടര്‍ക്കുനേരെയാണ് ഇയാള്‍ ആക്രോശിച്ചത്. ”നിങ്ങള്‍ എന്തിനാണ് ഹിജാബ് ധരിച്ചത്? നിങ്ങള്‍ ഡ്യൂട്ടിയിലല്ലേ? നിങ്ങളുടെ യൂണിഫോം എവിടെ? നിങ്ങള്‍ ഒരു ഡോക്ടറാണോ എന്ന് എനിക്ക് സംശയമുണ്ടെന്നും ഇയാള്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

ഒരു ഡോക്ടറാണെന്ന് തെളിയിക്കാന്‍ എന്ത് യോഗ്യതയാണ് ഉള്ളതെന്ന് അയാള്‍ മറ്റൊരു വനിതാ ആരോഗ്യ പ്രവര്‍ത്തകനോട് ചോദിച്ചു. സ്ത്രീ ജീവനക്കാരെ രാത്രി ഡ്യൂട്ടിക്കിടെ അസഭ്യം പറയുകയായിരുന്നെന്ന് വനിതാ ഡോക്ടര്‍ ആരോപിച്ചു. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 294 ബി, 353, 298 വകുപ്പുകളും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് 67 ഡി പ്രകാരവും ബിജെപി പ്രവര്‍ത്തകനെതിരെ കീഴയ്യൂര്‍ പോലീസ് കേസെടുത്തു.

28-May-2023