ലോക കേരള സഭയുടെ പ്രവാസി സംഗമത്തില്‍ പങ്കെടുക്കാൻ മുഖ്യമന്ത്രി അമേരിക്കയിലേക്ക്
അഡ്മിൻ
സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെയും ഉദ്യോഗസ്ഥ സംഘത്തിന്റെയും യുഎസ്, ക്യൂബ യാത്രയ്ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി. ജൂണ്‍ 8 മുതല്‍ 18 വരെയാണ് സന്ദര്‍ശനം. മുഖ്യമന്ത്രിയുടെ യുഎഇ യാത്രയ്ക്ക് കേന്ദ്രം നേരത്തേ അനുമതി നിഷേധിച്ചിരുന്നു. കേന്ദ്രാനുമതി സമയത്ത് ലഭിക്കാത്തതിനാല്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ യുഎഇ യാത്രയും മുടങ്ങിയിരുന്നു.
സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് ലോക കേരള സഭയുടെ പ്രവാസി സംഗമത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. ലോക ബാങ്ക് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തും. സ്പീക്കര്‍ എ.എന്‍.ഷംസീര്‍, ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ.രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി വി.പി.ജോയ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം.എബ്രഹാം എന്നിവരും വിവിധ ഐഎഎസ് ഉദ്യോഗസ്ഥരും യാത്രയില്‍ അനുഗമിക്കുന്നുണ്ട്.
ക്യൂബ സന്ദര്‍ശനത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍, ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവര്‍ മുഖ്യമന്ത്രിയെ അനുഗമിക്കും. 12-ാം തീയതിയാണ് ലോക ബാങ്ക് പ്രതിനിധികളുമായുള്ള ചര്‍ച്ച. ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ നടക്കുന്ന ലോകകേരള സഭയുടെ സമ്മേളനത്തില്‍ നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണനും ഉദ്യോഗസ്ഥ സംഘവും പങ്കെടുക്കും.
നേരത്തെ മുഖ്യമന്ത്രി മേയ് 7 മുതല്‍ 11 വരെ നടത്താനിരുന്ന യുഎഇ സന്ദര്‍ശനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യം പരിപാടിക്കില്ലെന്നാണ് കേന്ദ്രം സര്‍ക്കാരിനെ അറിയിച്ചത്.