മാനദണ്ഡങ്ങള്‍ പാലിച്ചില്ല: രാജ്യത്ത് 40 മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം നഷ്ടപ്പെട്ടു
അഡ്മിൻ
ദേശീയ മെഡിക്കല്‍ കമ്മീഷന്‍ (എന്‍എംസി) നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ രാജ്യത്തുടനീളമുള്ള 40 മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. കൂടാതെ തമിഴ്നാട്, ഗുജറാത്ത്, അസം, പഞ്ചാബ്, ആന്ധ്രാപ്രദേശ്, പുതുച്ചേരി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ നൂറോളം മെഡിക്കല്‍ കോളേജുകളും സമാനമായ നടപടി നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
കമ്മിഷന്റെ ബിരുദ മെഡിക്കല്‍ വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ പരിശോധനയിലാണ് പോരായ്മകള്‍ കണ്ടെത്തിയത്.എൻഎംസിയും അണ്ടർഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ബോർഡ് കോളജുകളിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
മെഡിക്കൽ കമ്മിഷന്റെ നിയമങ്ങൾ അനുസരിച്ചല്ല കോളജുകൾ പ്രവർത്തിക്കുന്നത് എന്നാണ് ബോർഡ് കണ്ടെത്തിയത്. അധാറുമായി യോജിപ്പിച്ച ബയോമെട്രിക് ഹാജർ രീതിയിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പരിശോധന സമയത്തു പോലും മിക്ക ഫാക്കൽറ്റിയും സ്ഥലത്തുണ്ടായിരുന്നില്ല. സിസിടിവി ക്യാമറകളുടെ പ്രവർത്തനവും മിക്ക കോളജുകളിലും താറുമാറായി കിടക്കുന്നതായും കണ്ടെത്തി.
എൻഎംസി നടപടിക്കൊരുങ്ങുന്ന കോളജുകൾക്ക് അപ്പീൽ നൽകാൻ 30 ദിവസത്തെ സാവകാശം നൽകിയിട്ടുണ്ട്. ഈ അപ്പീൽ തള്ളിയാൽ കേന്ദ്ര ആരോഗ്യമന്ത്രാലത്തെ സമീപിക്കേണ്ടി വരും. കൃത്യമായ ഫാക്കൽറ്റി ഇല്ലാത്തതും നിയമങ്ങൾ പാലിക്കാത്തതുമായ കോളജുകൾക്കെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുക് മാണ്ഡവ്യ ഡിസംബറിൽ ആവശ്യപ്പെട്ടിരുന്നു.