കേരളത്തിൽനിന്ന് ഗൾഫിലേക്ക് യാത്രാ കപ്പൽ വരുന്നു

മലബാറില്‍ നിന്നും ഗള്‍ഫിലേക്ക്‌ യാത്രാ കപ്പല്‍ സര്‍വീസ്‌ പരിഗണനയിലെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ്‌ ദേവര്‍കോവില്‍.നോര്‍ക്കയുമായി സഹകരിച്ച്‌ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് മന്ത്രി പറഞ്ഞു.മലബാര്‍ ഡെവലപ്പ്മെന്റ് കൗണ്‍സിലിന്റെയും കേരള മാരിടൈം ബോര്‍ഡിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കേരള യുഎഇ സെക്‌ടറില്‍ കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുന്നത് സംബന്ധിച്ച്‌ മാരിടൈം ബോര്‍ഡിന്റെയും കപ്പല്‍ കമ്പനി പ്രതിനിധികളുടെയും സംയുക്ത യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളില്‍ നിന്ന് വിമാന കമ്ബനികള്‍ ഉത്സവ സീസണുകളില്‍ ഭീമമായ തുകയാണ് യാത്രക്കായി ഈടാക്കുന്നത്.
തുച്ഛമായ സമ്പാദ്യത്തിന്റെ സിംഹഭാഗവും യാത്രക്കായി മാറ്റിവെക്കേണ്ട ദുരവസ്ഥയാണ് സാഹചര്യമാണ് പ്രവാസികള്‍ക്ക് നിലവിലുള്ളത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവാസികളുടെ യാത്രാപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് 15 കോടി രൂപ ഈ വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഇതു കൂടി ഉപയോഗപ്പെടുത്തി കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുവാനാണ് ആലോചന എന്ന് അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

01-Jun-2023