അദാനി ഗ്രൂപ്പ് ഓഹരി വില്‍പ്പനയിലൂടെ വന്‍ തുക സ്വരൂപിക്കാനൊരുങ്ങുന്നു. ഇക്വിറ്റി ഓഹരി വില്‍പ്പനയിലൂടെ മൂന്ന് ബില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് അദാനി ഗ്രൂപ്പിന്റെ ലക്ഷ്യം. ഓഹരി ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്ക് കൈമാറും.
അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെയും ഇലക്ട്രിസിറ്റി ട്രാന്‍സ്മിഷന്‍ കമ്പനിയായ അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡിന്റെയും ബോര്‍ഡുകള്‍ ഓഹരി വില്‍പ്പനയിലൂടെ 2.5 ബില്യണ്‍ ഡോളറിലധികം (ഏകദേശം 21000 കോടിയിലധികം) സമാഹരിക്കാന്‍ ഇതിനകം അംഗീകാരം തേടിയിട്ടുണ്ടെങ്കിലും ഓഹരി ഉടമകളുടെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തോടെ ഇടപാട് പൂര്‍ത്തിയാക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ധനസമാഹരണത്തിന് അനുമതി നല്‍കുന്നതിനായി അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ ബോര്‍ഡ് ജൂണ്‍ ആദ്യവാരത്തിലോ രണ്ടാം വാരത്തിലോ യോഗം ചേര്‍ന്നേക്കും. യൂറോപ്പിലെയും മിഡില്‍ ഈസ്റ്റിലെയും നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങുന്നതില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെയുള്ള വിവാദങ്ങളെ തുടര്‍ന്ന് അദാനി ഗ്രൂപ്പിന് എഫ്പിഒയില്‍ നിന്ന് പിന്മാറേണ്ടിവന്നിരുന്നു. ഇതിന് ശേഷമുള്ള കമ്പനിയുടെ ഏറ്റവും വലിയ തുകയായിരിക്കും അദാനി ഗ്രൂപ്പ് സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്.