റേഷൻ കടകൾ പൊതുവിപണിയുടെ നട്ടെല്ല്: മന്ത്രി പി.എ മുഹമ്മദ് റിയാസ്

പൊതുവിപണിയുടെ നട്ടെല്ലാണ് റേഷൻ കടകളെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോഴിക്കോട് ജില്ലയിലെ കുണ്ടായിത്തോട് 189 നമ്പർ റേഷൻ കടയിൽ കെ - സ്റ്റോർ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 2025 ആവുമ്പോഴേക്കും കേരളത്തിൽ അതിദരിദ്ര കുടുംബങ്ങൾ ഉണ്ടാവില്ലെന്നും ആദ്ദേഹം പറഞ്ഞു. സേവന കേന്ദ്രങ്ങൾ കൂടിയായി കെ സ്റ്റോറുകൾ മാറുകയാണ്. കൂടുതൽ ഉത്പന്നങ്ങൾ ഇവിടെ ലഭ്യമാവും. പൊതുവിപണിയിൽ കാര്യക്ഷമമായി ഇടപെടാൻ കെ സ്റ്റോറുകൾ സഹായകമാവുമെന്നും മന്ത്രി പറഞ്ഞു.

പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദ സേവനങ്ങൾ നൽകുവാനുതകും വിധം മാറ്റിയെടുക്കാൻ സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് കെ -സ്റ്റോർ. ജില്ലയിൽ അനുവദിച്ച 10 കെ- സ്റ്റോറുകളിൽ എട്ടാമത്തേതാണ് കുണ്ടായിത്തോടിലേത്. മിൽമ, ശബരി ഉത്പന്നങ്ങൾ, ചോട്ടുഗ്യാസ് തുടങ്ങിയവ ഇവിടെ നിന്ന് ലഭ്യമാവും.

മേയർ ഡോ.ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കോർപറേഷൻ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.സി രാജൻ മുഖ്യാതിഥി ആയിരുന്നു. വാർഡ് കൗൺസിലർ എം.പി ഷഹർബാൻ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ സപ്ലൈ ഓഫീസർ കുമാരി ലത വി സ്വാഗതവും സിറ്റി റേഷനിംഗ് ഓഫീസർ പ്രമോദ് പി നന്ദിയും പറഞ്ഞു.

01-Jun-2023