സംസ്ഥാനത്ത് സ്‌കൂളുകളില്‍ വേനലവധി ഇനിമുതല്‍ ഏപ്രില്‍ ആറിന്

സംസ്ഥാനത്ത് സ്‌കൂളുകളില്‍ വേനലവധി ഇനിമുതല്‍ ഏപ്രില്‍ ഒന്നിന് പകരം ഏപ്രില്‍ ആറിനായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 210 പ്രവര്‍ത്തി ദിനങ്ങള്‍ ഉറപ്പാക്കുന്നതിനായാണ് പുതിയ തീരുമാനമെന്നും ജൂണ്‍ ഒന്നിന് തന്നെ സ്‌കൂളുകള്‍ തുറക്കുമെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. ചിറയിന്‍കീഴ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് 38.33 ലക്ഷം കുട്ടികളാണ് എല്‍ പി, യു പി, ഹൈസ്കൂള്‍ വിഭാഗങ്ങളിലായി ഇന്ന് പ്രവേശനോത്സവത്തില്‍ പങ്കെടുത്തത്. അഞ്ച് ലക്ഷത്തോളം വരുന്ന ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളും സ്‌കൂളിലെത്തുമെന്നും ശിവന്‍കുട്ടി പറഞ്ഞു.

അതേസമയം അധ്യാപകരുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് ഈയാഴ്ച വകുപ്പുതല സ്ഥാനക്കയറ്റ കമ്മിറ്റി കൂടുമെന്നും അധ്യാപകരുടെ കുറവ് ഉണ്ടെങ്കില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

8 മുതല്‍ 12 വരെയുള്ള 45000 ക്ലാസ് മുറികള്‍ സാങ്കേതിക വിദ്യാ സൗഹൃദമാക്കി, മുഴുവന്‍ പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌ക്കൂളുകളിലും കമ്പ്യൂട്ടര്‍ ലാബുകള്‍ സാധ്യമാക്കി . എല്ലാ സ്‌കൂളുകളിലും അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുകയും അക്കാദമിക രംഗത്ത് മികവിനായി വൈവിധ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കുകയും ചെയ്തെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

01-Jun-2023