ബ്രിട്ടീഷുകാരെ പുറത്താക്കിയതു പോലെ മോദി സര്‍ക്കാരിനെ പുറത്താക്കും: മഹാവീര്‍ ഫോഗട്ട്
അഡ്മിൻ
ബ്രിട്ടീഷുകാരെ അധികാരത്തില്‍ നിന്ന് പുറത്താക്കിയതു പോലെ മോദി സര്‍ക്കാരിനെയും രാജ്യത്തെ ജനങ്ങള്‍ പുറത്താക്കുമെന്ന് മുന്‍ ഗുസ്തിക്കാരനും ദ്രോണാചാര്യ പുരസ്കാര ജേതാവുമായ മഹാവീര്‍ ഫോഗട്ട്. ഗുസ്തി ഫെഡറേഷന് അധ്യക്ഷന്‍ ബ്രിജ്ഭൂഷണ് ശരണ്‍ സിംഗിനെതിരെ സമര രംഗത്തുള്ള ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടിന്റെയും സംഗീത ഫോഗട്ടിന്റെയും പിതാവും പരിശീലകനുമാണ് മഹാവീര്‍ ഫോഗട്ട്.
കര്‍ഷക നേതാക്കള്‍ക്ക് തങ്ങളുടെ പെണ്മക്കളുടെ വികാരം മനസിലായെന്നും ഇനി രാജ്യം മുഴുവന്‍ അണിചേരുന്ന നിര്‍ണായക മുന്നേറ്റമായി ഇത് മാറുമെന്നും മഹാവീര്‍ പറഞ്ഞു. ഖാപ് പഞ്ചായത്തുകളും സാമൂഹിക സംഘടനകളും കര്‍ഷക സംഘടനകളും പങ്കെടുക്കുന്ന വന്‍ പ്രക്ഷോഭം രാജ്യം വൈകാതെ കാണുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
ഫോഗട്ട് കുടുംബത്തിന്റെ നാടായ ഹരിയാനയിലെ ബലാലിയിലും മഹാപഞ്ചായത്ത് സംഘടിപ്പിക്കും. എല്ലാ റിസ്കുമെടുത്താണ് പെണ്മക്കളെ താന്‍ മെഡലുകളിലേക്ക് എത്തിച്ചതെന്ന് ഫോഗട്ട് പറഞ്ഞു. ഇപ്പോഴത്തെ അവരുടെ സ്ഥിതി കണ്ടുനില്‍ക്കാനാവില്ല. സര്‍ക്കാര്‍ മുട്ടുമടക്കുന്ന, ബ്രിജ്ഭൂഷണ് ജയിലില്‍ പോകേണ്ടി വരുന്ന പ്രക്ഷോഭമാകും ഉണ്ടാവുകയെന്നും മഹാവീര്‍ അറിയിച്ചു.