പ്രശസ്ത സിനിമാ സംവിധായകനും ബിജെപി സംസ്ഥാന സമിതി അംഗവുമായ രാജസേനൻ സിപിഎമ്മിലേക്ക്. ബിജെപി നേതൃത്വത്തിന് ഇന്ന് രാജിക്കത്ത് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു. എകെജി സെന്ററിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററെ കണ്ടശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയക്കാരൻ എന്ന നിലയിലും കലാകാരനെന്ന നിലയിലും വലിയ അവഗണനയാണ് ബിജെപിയിൽ നിന്ന് നേരിട്ടത്. കലാരംഗത്ത് പ്രവർത്തിക്കാൻ കൂടുതൽ നല്ല പാർട്ടി സിപിഎം ആണെന്നും രാജസേനൻ പറഞ്ഞു. നേരത്തെ ബിജെപിയുടെ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയടക്കമായിരുന്നു രാജസേനൻ. ബിജെപി സംസ്ഥാന നേതൃത്വം അവഗണിച്ചെന്നാരോപിച്ചാണ് ഇപ്പോൾ പാർട്ടി വിടുന്നത്.
കലാകാരൻ എന്ന നിലയിലും പാർട്ടി പ്രവർത്തകൻ എന്ന നിലയിലും പരിഗണന കിട്ടിയില്ലെന്നും ഏറ്റവുമൊടുവിൽ സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനമെടുക്കുകയായിരുന്നുവെന്നും രാജസേനൻ പറഞ്ഞു. ബിജെപിയുടെ സംസ്ഥാന ഘടകത്തിൽ ഏറെ പോരായ്മകളുണ്ട്. അവഗണന ആവർത്തിക്കപ്പെട്ടതോടെയാണ് രാജിയെന്നും ബിജെപി സംസ്ഥാന കമ്മിറ്റി അംഗത്വം ഇന്ന് രാജിവെക്കുമെന്നും രാജസേനൻ അറിയിച്ചു.