ഒഡീഷ ട്രെയിന്‍ ദുരന്തത്തിന്റെ ഞെട്ടലിലാണ് രാജ്യം. അപകടത്തില്‍ ഏകദേശം മൂന്നുറോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് സൂചന. നിരവധി പേര്‍ക്ക് പരിക്കേറ്റു. വന്‍ ദുരന്തത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.
'ഞെട്ടിക്കുന്ന ട്രെയിന്‍ അപകടം. റെയില്‍വേ മന്ത്രി ആരെന്ന് രാജ്യം അറിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് റെയില്‍വേ ബജറ്റ് പ്രത്യേകമായാണ് അവതരിപ്പിച്ചിരുന്നത്. അന്ന് റെയില്‍വേയെ സ്വകാര്യവല്‍ക്കരിച്ചിരുന്നില്ല. റെയില്‍വേയില്‍ യുവാക്കള്‍ക്ക് ലക്ഷക്കണക്കിന് തൊഴിലവസരങ്ങളുണ്ടായിരുന്നു. ഇന്നോ? റെയില്‍വേ മന്ത്രിയാരെന്ന് ആര്‍ക്കും അറിയില്ല. ഇന്ന് ഒരേയൊരാളാണ് എല്ലാറ്റിനും പച്ചക്കൊടി വീശുന്നത്'' ആര്‍ജെഡി ട്വിറ്ററില്‍ കുറിച്ചു.
'അവര്‍ കാണിച്ച തികഞ്ഞ അനാസ്ഥയും ശ്രദ്ധക്കുറവുമാണ് ഇത്രയേറെ ആളുകളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിലേക്കു നയിച്ചത്. അപകടവുമായി ബന്ധപ്പെട്ട ഉന്നതതല അന്വേഷണം നടത്തണം. കുറ്റക്കാരെന്നു കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. തികഞ്ഞ അശ്രദ്ധയാണ് ഈ അപകടത്തിനു കാരണം. അവര്‍ റെയില്‍വേയെ നശിപ്പിച്ചുകളഞ്ഞു. ലാലു പ്രസാദ് യാദവ് പറഞ്ഞു.