രണ്ടു പേരില്‍ കൂടുതല്‍ ഇരുചക്രവാഹനത്തില്‍ യാത്രചെയ്യുന്നത് കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിന് വിരുദ്ധം

രാജ്യത്ത് ഇരുചക്രവാഹനങ്ങളില്‍ രണ്ടുപേര്‍ക്ക് പുറമേ കുട്ടിയെയും കൂട്ടി യാത്രചെയ്യുന്നതില്‍ ഇളവ് സാധ്യമല്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. പത്ത് വയസ് വരെയുള്ള കുട്ടികളെ മൂന്നാം യാത്രക്കാരനായി കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ എളമരം കരീം എംപിക്ക് നല്‍കിയ മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

കേരളത്തില്‍ സ്ഥാപിച്ച എഐ ക്യാമറകള്‍ ഇന്ന് അർധരാത്രി മുതല്‍ പ്രവർത്തനം ആരംഭിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ വിശദീകരണം. രണ്ടു പേരില്‍ കൂടുതല്‍ ഇരുചക്രവാഹനത്തില്‍ യാത്രചെയ്യുന്നത് കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിന് വിരുദ്ധമാണെന്ന് മറുപടിയില്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര മാനദണ്ഡങ്ങള്‍ പാലിച്ച് കൃത്യമായ പരിശോധനകള്‍ നടത്തിയാണ് ഓരോ വാഹനവും നിരത്തിലിറക്കുന്നതെന്നും ഇരുചക്രവാഹനം രണ്ടുപേര്‍ക്ക് മാത്രം സഞ്ചരിക്കാനാകുന്ന തരത്തിലാണ് നിര്‍മിച്ചിരിക്കുന്നതെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു.

അതേസമയം, പൊതുവികാരം കണക്കിലെടുത്ത് പന്ത്രണ്ട് വയസിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് നിയമത്തില്‍ ഇളവ് ലഭിക്കുന്ന തരത്തില്‍ കേന്ദ്ര നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു. ആ കത്തിന് ഇതുവരെയും കേന്ദ്രത്തിന്റെ മറുപടി ലഭിച്ചിട്ടില്ല.

ഇന്ന് രാത്രി മുതല്‍ എഐ ക്യാമറകള്‍ വഴി പിഴയീടാക്കുമെന്നും കേന്ദ്രത്തിന്റെ തീരുമാനം വന്ന ശേഷമാകും മൂന്നാം യാത്രക്കാരായി കുട്ടികളെ കൊണ്ടുപോകുന്ന വിഷയത്തിൽ നിലപാടെടുക്കുകയെന്നും ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചിരുന്നു. കേരളം അയച്ച കത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.ഇന്ന് തന്നെ സംസ്ഥാനം അയച്ച കത്തിന് കേന്ദ്രം മറുപടി നൽകുമെന്നാണ് ഗതാഗത മന്ത്രി അറിയിക്കുന്നത്.

04-Jun-2023