ബ്രിജ് ഭൂഷണിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഗുസ്തിക്കാര്‍; അമിത് ഷായെ കണ്ടു
അഡ്മിൻ
കായിക താരങ്ങളെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. രാത്രി 11 മണിക്ക് ഡല്‍ഹിയിലെ അമിത് ഷായുടെ വസതിയില്‍ തുടങ്ങിയ കൂടിക്കാഴ്ച രണ്ടു മണിക്കൂറോളം നീണ്ടെന്നാണ് വിവരം.
ഗുസ്തി താരങ്ങളായ ബജ്റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, സംഗീത ഫോഗട്ട് എന്നിവരാണ് അമിത് ഷായെ സന്ദര്‍ശിച്ചത്.ബ്രിജ് ഭൂഷണിനെതിരെ ശക്തമായ നടപടി വേണമെന്ന് താരങ്ങള്‍ ആവശ്യപ്പെട്ടു. നിയമം നിയമത്തിന്റെ വഴിക്ക് മുന്നോട്ടു പോകുമെന്ന് അമിത് ഷാ പറഞ്ഞതായാണ് വിവരം.
ബ്രിജ് ഭൂഷണിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നല്കിയ അന്ത്യശാസനം ഇന്നലെ അവസാനിച്ചതോടെയാണ് അമിത് ഷായെ കാണാന്‍ തീരുമാനിച്ചത്. ബ്രിജ് ഭൂഷണിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഗുസ്തി താരങ്ങള്‍ തങ്ങള്‍ക്കു ലഭിച്ച രാജ്യാന്തര മെഡലുകള്‍ ഗംഗാ നദിയില്‍ ഒഴുക്കാന്‍ ഹരിദ്വാറില്‍ എത്തിയിരുന്നു.