കെഎസ്ആര്‍ടിസി ബസില്‍ നഗ്നത പ്രദര്‍ശനം; പ്രതികരിച്ച പെണ്‍കുട്ടിക്കൊപ്പമെന്ന് വിദ്യാഭ്യാസ മന്ത്രി

കെഎസ്ആര്‍ടിസി ബസില്‍ യാത്രയ്ക്കിടയിൽ നഗ്നത പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ പ്രതികരിച്ച പെണ്‍കുട്ടിക്കൊപ്പമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. പ്രതിയായ സവാദ് ജയിലിൽ നിന്നിറങ്ങിയ ദിവസം ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ നല്‍കിയ സ്വീകരണത്തിന്റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആര് മാലയിട്ട് സ്വീകരിച്ചാലും ബസിലെ അതിക്രമത്തില്‍ പ്രതികരിച്ച പെണ്‍കുട്ടിക്കൊപ്പമാണ് താനെന്നാണ് സമൂഹ മാധ്യമത്തില്‍ ശിവന്‍കുട്ടി കുറിച്ചത്.കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായിരുന്ന സവാദ് പുറത്തിറങ്ങിയത്. ജയില്‍ മോചിതനായ സവാദിനെ മാലയിട്ടാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരിച്ചത്.

അതേസമയം പരാതിക്കാരിയായ യുവതി സവാദിന് സ്വീകരണം നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരുന്നു. സവാദിനെതിരെ നിയമ പോരാട്ടം തുടരുമെന്നും അയാള്‍ക്ക് സ്വീകരണം നല്‍കിയതില്‍ താന്‍ ചിരിച്ചുപോയെന്നും നന്ദിത മാധ്യമങ്ങളോട് പറഞ്ഞു.

05-Jun-2023