കെ-ഫോൺ മുഖ്യമന്ത്രി ജനങ്ങൾക്ക് സമർപ്പിച്ചു.

ജനങ്ങളുടെ അവകാശമാണ് ഇന്റർനെറ്റ് എന്ന് പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് കേവലം പ്രഖ്യാപനം മാത്രമായി ഒതുങ്ങുന്നില്ല എന്നുറപ്പുവരുത്താനാണ് സർക്കാർ കെ-ഫോൺ പദ്ധതി നടപ്പാക്കുന്നത്. എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണ്.

അങ്ങനെ ഇന്റർനെറ്റ് എന്ന അവകാശം എല്ലാവർക്കും പ്രാപ്യമാകുന്നു എന്ന് ഉറപ്പുവരുത്തുകയാണ്. വാഗ്ദാനങ്ങൾ നിറവേറ്റുന്നതിന്റെ, പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നതിന്റെ, ഉത്തരവാദിത്തബോധമുള്ള ഭരണനിർവ്വഹണത്തിന്റെ മറ്റൊരു ഉദാഹരണമായി മാറുകയാണ് കെ-ഫോൺ പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആധുനിക കാലത്ത് കേരളം ലോകരാജ്യങ്ങളുടെ ഗതിവേഗത്തിനൊത്തു തന്നെ നീങ്ങുമെന്ന് ഉറപ്പു നൽകിക്കൊണ്ട് വളരെ സന്തോഷത്തോടെ കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റായ കെ-ഫോൺ ജനങ്ങൾക്കു സമർപ്പിച്ചതായി പ്രഖ്യാപിക്കുന്നു.

കേരളത്തിലെ എല്ലാ വീടുകളിലും സർക്കാർ ഓഫീസുകളിലും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്ന പദ്ധതിയാണ് കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക്, അഥവാ കെ - ഫോൺ. കെ - ഫോണിലൂടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സംസ്ഥാനത്തെ 20 ലക്ഷത്തോളം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കെ - ഫോൺ പദ്ധതിയുടെ ഭാഗമായ അടിസ്ഥാന സേവനങ്ങൾ നൽകുന്നതിനാവശ്യമായ കാറ്റഗറി 1 ലൈസൻസും ഔദ്യോഗികമായി ഇന്റർനെറ്റ് സേവനങ്ങൾ നൽകാനുള്ള ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ (ഐ എസ് പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസൻസും നേരത്തെ തന്നെ നമ്മൾ നേടിയെടുത്തിരുന്നു. നിലവിൽ 17,412 സർക്കാർ സ്ഥാപനങ്ങളിൽ കെ-ഫോൺ കണക്ഷൻ ലഭ്യമാക്കിക്കഴിഞ്ഞിട്ടുണ്ട്. 9,000 ത്തിലധികം വീടുകളിൽ കണക്ഷൻ ലഭ്യമാക്കാനുള്ള കേബിൾ വലിച്ചിട്ടുണ്ട്. 2,105 വീടുകൾക്ക് കണക്ഷൻ നൽകുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തേറ്റവും അധികം ഇന്റർനെറ്റ് ഷട്ട്ഡൗണുകൾ നടക്കുന്ന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ 700 ലധികം ഇന്റർനെറ്റ് ഷട്ട്ഡൗണുകളാണ് ഇന്ത്യയിൽ ഉണ്ടായിട്ടുള്ളത്. അങ്ങനെയുള്ള രാജ്യത്താണ് എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കി ഒരു സംസ്ഥാന സർക്കാർ സവിശേഷമായി ഇടപെടുന്നത്. ആ നിലയ്ക്ക്, സർക്കാരിന്റെ, നമ്മുടെ നാടിന്റെ ജനകീയ ബദൽ നയങ്ങളുടെ മറ്റൊരു ഉദാഹരണമായി മാറുകയാണ് കെ-ഫോൺ പദ്ധതി.

കോവിഡാനന്തര ഘട്ടത്തിൽ പുതിയ ഒരു തൊഴിൽസംസ്‌കാരം രൂപപ്പെട്ടുവരികയാണ്. വർക്ക് ഫ്രം ഹോം, വർക്ക് നിയർ ഹോം, വർക്ക് എവേ ഫ്രം ഹോം എന്നിങ്ങനെയുള്ള പ്രവൃത്തിരീതികൾ വർദ്ധിച്ച തോതിൽ നിലവിൽ വരികയാണ്. അവയുടെ പ്രയോജനം നമ്മുടെ ചെറുപ്പക്കാർക്ക് ലഭിക്കണം എന്നുണ്ടെങ്കിൽ മികച്ച ഇന്റർനെറ്റ് സേവനങ്ങൾ നാട്ടിൽ എല്ലായിടത്തും ഉണ്ടാകണം. അതിനുള്ള ഉപാധിയാണ് കെ-ഫോൺ പദ്ധതി.


മികച്ച വാസസ്ഥലമായി കണക്കാക്കപ്പെടുന്ന കേരളത്തിലേക്ക് വരുന്ന ടൂറിസ്റ്റുകളിൽ പലരും ഇവിടെ തന്നെ താമസിക്കാനും ഇവിടെ നിന്ന് ജോലി ചെയ്യാനും ഒക്കെ ആഗ്രഹിക്കുന്നവരാണ്. ആ ചിന്താഗതി ഉള്ളവരെ കൂടി ആകർഷിച്ചുകൊണ്ട് കേരളത്തിന്റെ സാമ്പത്തിക മേഖലയിൽ വലിയ ചലനം ഉണ്ടാക്കാൻ കെ-ഫോണിലൂടെ നമുക്ക് കഴിയും. അതേസമയം തന്നെ ഇടമലക്കുടി ഉൾപ്പെടെയുള്ള ഇടങ്ങളിൽ കണക്ടിവിറ്റി ഉറപ്പാക്കിക്കൊണ്ട് ആരും പിന്തള്ളപ്പെട്ടു പോകുന്നില്ല എന്നും എല്ലാവരും ഈ റിയൽ കേരള സ്റ്റോറിയുടെ ഭാഗമാകുന്നു എന്നും ഉറപ്പുവരുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

മാറുന്ന ലോകത്തിനൊപ്പം മുന്നോട്ടു കുതിക്കാൻ സാർവ്വത്രികമായ ഇന്റർനെറ്റ് സൗകര്യം അനിവാര്യമാണ്. അതുകൊണ്ടുതന്നെ വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും കേരളത്തെ പരിവർത്തിപ്പിക്കുന്നതിനുള്ള അടിസ്ഥാനസൗകര്യം ഒരുക്കുകയാണ് കെ-ഫോണിലൂടെ നാം ചെയ്യുന്നത്. അതിലൂടെ കേരളത്തെയാകെ ഗ്ലോബൽ ഇൻഫർമേഷൻ ഹൈവേയുമായി ബന്ധിപ്പിക്കുകയാണ് നമ്മൾ. അങ്ങനെ ആഗോള മാനങ്ങളുള്ള നവകേരള നിർമ്മിതിക്ക് അടിത്തറയൊരുക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ടെലികോം മേഖലയിലെ കോർപറേറ്റ് ശക്തികൾക്കെതിരെയുള്ള ജനകീയ ബദൽ മാതൃക കൂടിയാണ് കെ-ഫോൺ പദ്ധതി എന്ന് നാം കാണണം. സ്വകാര്യ മേഖലയിലെ കേബിൾ ശൃംഖലകളുടെയും മൊബൈൽ സേവനദാതാക്കളുടെയും ചൂഷണത്തിൽ നിന്ന് ജനങ്ങൾക്ക് മോചനം നൽകണം എന്ന നിശ്ചയദാർഢ്യത്തോടെയാണ് കെ-ഫോൺ പദ്ധതിക്ക് തുടക്കമിട്ടത്. മറ്റ് സർവീസ് പ്രൊവൈഡർമാർ നൽകുന്നതിനെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലാവും കെ-ഫോൺ സേവനങ്ങൾ ലഭ്യമാക്കുക എന്നറിയിക്കട്ടെ. കേരളത്തിലാകമാനം, നഗര-ഗ്രാമ വ്യത്യാസമില്ലാതെ, ഉയർന്ന സ്പീഡിലും ഒരേ ഗുണനിലവാരത്തോടുകൂടിയും കെ-ഫോണിന്റെ സേവനങ്ങൾ ലഭ്യമാക്കാനും കഴിയും.

എന്നാൽ സ്വകാര്യ കമ്പനികൾ ഈ മേഖലയിൽ ഉള്ളപ്പോൾ സംസ്ഥാന സർക്കാർ എന്തിനാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത് എന്ന് ചോദിച്ചവർ ഇവിടെയുണ്ട് എന്നത് നാം മറക്കരുത്. പൊതുമേഖലയിൽ ഒന്നും വേണ്ട, എല്ലാം സ്വകാര്യ മേഖലയിൽ, കുത്തക വാദത്തിന്റെ മൂലധന ശൈലിയിൽ കാര്യങ്ങൾ നിർവഹിച്ചാൽ മതി എന്നു ചിന്തിക്കുന്നവർ ഇങ്ങനെ ചോദിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളു. അവർക്ക് എളുപ്പം മനസ്സിലാവുന്നതല്ല കേരളത്തിന്റെ ബദൽ. അതേ ആളുകൾ തന്നെയാണ് മലർപ്പൊടിക്കാരന്റെ സ്വപ്നം എന്നും ദിവാസ്വപ്നം എന്നുമൊക്കെ വിളിച്ച് കിഫ്ബിയെ ആക്ഷേപിക്കാൻ ശ്രമിച്ചത്.

ആ കിഫ്ബിയിലൂടെയാണ് കഴിഞ്ഞ 7 വർഷം കൊണ്ട് 80,000 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾ ഈ കേരളത്തിൽ ഏറ്റെടുത്തിട്ടുള്ളത് എന്നത് ഓർമ്മിക്കണം. കെ-ഫോൺ പദ്ധതി നടപ്പാക്കുന്നതും കിഫ്ബിയിലൂടെ വിഭവസമാഹരണം നടത്തിക്കൊണ്ടാണ്. വികസന പ്രവർത്തനങ്ങളുടെ ഗുണം കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളിലും മേഖലകളിലും മുഴുവൻ പ്രദേശങ്ങളിലും എത്തിക്കാൻ കിഫ്ബിയിലൂടെ കഴിഞ്ഞിട്ടുണ്ട്. ആ കിഫ്ബി തകർന്നു കാണണമെന്ന് ആഗ്രഹിക്കുന്നവരെ എങ്ങനെ കാണണമെന്നു ജനങ്ങൾ തന്നെ ചിന്തിക്കട്ടെ.

നാടിനാകെ ഗുണകരമാകുന്ന വിധത്തിലാണ് കെ-ഫോൺ പദ്ധതിയും നടപ്പാക്കുന്നത്. കേരളത്തിൽ ഡിജിറ്റൽ ഡിവൈഡ് ഉണ്ടാകുന്നില്ല എന്നുറപ്പുവരുത്താൻ കൂടി വൈദ്യുതി, ഐ ടി വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് നടപ്പാക്കുന്ന ഈ പദ്ധതി അങ്ങേയറ്റം സഹായകമാവും. ആ നിലയ്ക്കും കേരളം മുന്നോട്ടുവെക്കുന്ന ഒരു ബദലാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എല്ലാവർക്കും ഇന്റർനെറ്റ് എന്ന ആശയമുയർത്തി കെ-ഫോൺ പദ്ധതി അവതരിപ്പിച്ചപ്പോൾ ചിലർ അപ്പോഴും ചോദിച്ചു, എന്തിനാണ് ആളുകൾക്ക് ഇന്റർനെറ്റ്? എല്ലാവരുടെയും കൈകളിൽ ഫോണില്ലേ? ഒറ്റനോട്ടത്തിൽ ശരിയാണെന്ന സംശയം വരും. നാം ചുറ്റുപാടും കാണുന്ന നിരവധി പേർക്കു സ്മാർട്ട് ഫോണുണ്ട്. എന്നാൽ, ഡിജിറ്റൽ ഡിവൈഡിന്റെ ഗൗരവം മനസ്സിലാവണമെങ്കിൽ ചില കണക്കുകൾ നാം ആഴത്തിൽ പരിശോധിക്കേണ്ടതുണ്ട്.

നമ്മുടെ രാജ്യത്ത് 50 ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമാണ് ഇന്റർനെറ്റ് ഉപയോഗം സാധ്യമാകുന്നത്. 33 ശതമാനം സ്ത്രീകൾക്കു മാത്രമാണ് ഇന്റർനെറ്റ് അക്‌സസ് ഉള്ളത്. ഗ്രാമപ്രദേശത്താകട്ടെ അത് 25 ശതമാനം മാത്രമാണ്. മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് 30 ശതമാനം കുറഞ്ഞ തോതിൽ മാത്രമേ ആദിവാസി ജനവിഭാഗങ്ങൾക്ക് ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമാകുന്നുള്ളൂ. ഇത്രയേറെ ആഴത്തിൽ ഡിജിറ്റൽ ഡിവൈഡ് നിലനിൽക്കുന്ന ഒരു രാജ്യത്താണ് നമ്മുടെ നാട്ടിൽ സർക്കാർ അതില്ലാതാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. ആദിവാസികളടക്കമുള്ള അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ സമൂഹത്തിന്റെ ഭാഗമായി കാണുന്ന ഒരാളിലും ഉളവാകാത്ത ചോദ്യമായിരുന്നു നേരത്തെ ഉയർന്നുവന്നത്.

സ്‌കൂൾ വിദ്യാഭ്യാസരംഗത്ത് ഉണ്ടാകുമായിരുന്ന ഡിജിറ്റൽ ഡിവൈഡിനെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് നമ്മൾ മറികടന്നത്. അന്നും നിരവധി ചോദ്യങ്ങൾ ഉയർന്നു. എന്തിനാണ് കുട്ടികൾക്ക് ഇത്തരം സൗകര്യങ്ങൾ ലഭ്യമാക്കുന്നത് എന്ന് ചോദിച്ചവരുണ്ട്. അന്ന് അതുകേട്ട് പിന്നോട്ടുപോയിരുന്നെങ്കിൽ ഇന്ന് എല്ലാ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം സാധ്യമാക്കിയ ഇന്ത്യയിലെ ഏക സംസ്ഥാനമായി നാം കേരളം മാറുമായിരുന്നില്ല. എന്നു മാത്രമല്ല, കോവിഡ് ഘട്ടത്തിൽ വിദ്യാഭ്യാസ രംഗത്തു നിന്നുതന്നെ ഒരു വിഭാഗം കുട്ടികൾ കൊഴിഞ്ഞു പോയേനേ. അതിവിടെ സംഭവിച്ചില്ല. എല്ലാവരേയും ഉൾക്കൊള്ളുന്ന ഭരണ സംസ്കാരത്തിന് ആലോചിക്കാൻ കൂടി സാധ്യമല്ല അത്തരമൊരു അവസ്ഥ.

സമഗ്രമായ വികസനം എന്ന ലക്ഷ്യത്തോടെ എല്ലാവരെയും ഉൾക്കൊള്ളുന്ന തരത്തിൽ ആവിഷ്‌ക്കരിക്കുന്ന ഏതു പദ്ധതിക്കുമെതിരെ ഇത്തരത്തിൽ എതിരു പറയുന്നവരുണ്ട്. സാധാരണക്കാരന് എന്തിനാണ് ഇന്റർനെറ്റ്, സാധാരണക്കാരന് എന്തിനാണ് നൂതന ഗതാഗത സൗകര്യങ്ങൾ അങ്ങനെ പോകുന്നു ചോദ്യങ്ങൾ. ലോകം മുഴുവൻ മാറുന്നത് ഇവർ കാണുന്നില്ലേ? കുടിൽവ്യവസായങ്ങൾ അവരുടെ ഉത്പന്നങ്ങൾ ഓൺലൈനായി വിൽക്കുന്ന ഈ കാലത്തും അപരിഷ്‌കൃതമായ ചിന്തകളുമായി നടക്കുന്ന ഇക്കൂട്ടർ നാടിനെ പിന്നോട്ടടിക്കുകയാണ്. അവരെ സംബന്ധിച്ചിടത്തോളം വികസനം എന്നത് ഏതാനും വിഭാഗങ്ങൾക്കു വേണ്ടി മാത്രം ഉള്ളതാണ്. എന്നാൽ, ഇവിടെ എല്ലാ ജനവിഭാഗങ്ങൾക്കും വേണ്ടിയുള്ളതാണ് വികസനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്റർനെറ്റ് ജനങ്ങളുടെ അവകാശമാണെന്ന് പ്രഖ്യാപിച്ചും എല്ലാവർക്കും ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കിയും മുന്നേറുമ്പോൾ തന്നെ അതൊക്കെ ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഉപകരിക്കുന്നു എന്ന് ഉറപ്പുവരുത്തുക കൂടിയാണ്. ആ കാഴ്ചപ്പാടോടെയാണ് ഓൺലൈനായി പൊതുസേവനങ്ങൾ ലഭ്യമാക്കുന്നത്. ഇതിനോടകം 900 ത്തിൽ അധികം സേവനങ്ങളാണ് ഓൺലൈനായി മൊബൈൽ ആപ്പ് മുഖേനയോ വെബ്‌സൈറ്റ് മുഖേനയോ ഒക്കെ ജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുള്ളത്. അതേസമയം തന്നെ അവശർക്കും അംഗപരിമിതർക്കുമായി സർക്കാർ സേവനങ്ങൾ അവരുടെ വാതിൽപ്പടിയിൽ എത്തിക്കുകയുമാണ്.


പൊതു ഇടങ്ങളിൽ സൗജന്യ വൈഫൈയും വീടുകളിലും ഓഫീസുകളിലും ബ്രോഡ്ബാൻഡ് കണക്ടിവിറ്റിയും ഹൈസ്പീഡ് ഇന്റർനെറ്റും പൊതുജനങ്ങൾക്ക് ഓൺലൈൻ സേവനങ്ങളും എല്ലാം ലഭ്യമാക്കിക്കൊണ്ട് മാത്രമല്ല കേരളത്തെ ഒരു വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവർത്തിപ്പിക്കുന്നത്. കേരളത്തിന് വലിയ സാധ്യതകളുള്ള ഐ ടി മേഖലയിലാകെ വലിയ മാറ്റങ്ങളുണ്ടാക്കിക്കൊണ്ട് കൂടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഐ ടി മേഖലയുടെ പ്രാധാന്യം വളരെ മുമ്പുതന്നെ തിരിച്ചറിഞ്ഞുകൊണ്ട് അതിലേക്ക് ചുവടുവെച്ച ആദ്യ സംസ്ഥാനമാണ് കേരളം. വലിയ ദീർഘവീക്ഷണത്തോടെയാണ് 33 വർഷം മുമ്പ് 1990 ൽ, രാജ്യത്തെ ആദ്യത്തെ ഐ ടി പാർക്കിന് അന്നത്തെ നായനാർ സർക്കാർ തിരുവനന്തപുരത്തു തുടക്കം കുറിച്ചത്. ഇന്നിപ്പോൾ രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയും ഈ കേരളത്തിൽ തന്നെയാണ് സ്ഥാപിതമായിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക് ആരംഭിക്കുന്നതും കേരളത്തിലാണ്.

2016 തൊട്ട് കേരളത്തിന്റെ ഐ ടി മേഖല കൈവരിച്ചത് സമാനതകളില്ലാത്ത മുന്നേറ്റമാണ്. 2016 ൽ കേരളത്തിലെ സർക്കാർ ഐ ടി പാർക്കുകൾ വഴിയുള്ള കയറ്റുമതി 9,753 കോടി രൂപയായിരുന്നു. 2022 ൽ അത് 17,536 കോടി രൂപയായി വർദ്ധിച്ചിരിക്കുന്നു. അതായത്, ആറു വർഷം കൊണ്ട് ഏകദേശം ഇരട്ടിയോളം വർദ്ധനവ്. 2016 ൽ സർക്കാർ ഐ ടി പാർക്കുകളിലെ കമ്പനികളുടെ എണ്ണം 640 ആയിരുന്നെങ്കിൽ 2022 ൽ അത് 1,106 ആയി വർദ്ധിച്ചു. ഐ ടി ജീവനക്കാരുടെ എണ്ണത്തിലും വലിയ തോതിലുള്ള വർദ്ധനവാണുണ്ടായിട്ടുള്ളത്. 2016 ൽ 78,068 പേരാണ് ഐ ടി പാർക്കുകളിൽ തൊഴിലെടുത്തിരുന്നത് എങ്കിൽ ഇന്നത് 1,35,288 ആയി ഉയർന്നിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

05-Jun-2023