കോൺഗ്രസ് ബ്ലോക്ക് പുനസംഘടന; അതൃപ്തി പരസ്യമാക്കി ചെന്നിത്തല
അഡ്മിൻ
കോൺഗ്രസ് ബ്ലോക്ക് പുനസംഘടനയിൽ അതൃപ്തി പരസ്യമാക്കി രമേഷ് ചെന്നിത്തല. പുനസംഘടനയിൽ വേണ്ടത്ര കൂടിയാലോചന നടന്നിട്ടില്ലെന്ന പരാതിയുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. അക്കാര്യം ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. എല്ലാവരെയും ഒരുമിച്ച് കൊണ്ടു പോകേണ്ട സമയമാണിത്. വയനാട് ചേർന്ന ക്യാമ്പിൽ ഇക്കാര്യം തീരുമാനിച്ചിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
കെപിസിസി പുനസംഘടനയിൽ അതൃപ്തി അറിയിച്ച് എം.എം ഹസ്സൻ കേന്ദ്ര നേതൃത്വത്തിന് പരാതി അയച്ചിരുന്നു. നേതാക്കൾക്കിടയിൽ വ്യാപകമായ പരാതിയുണ്ട്. കത്തിന് മറുപടി ലഭിച്ചശേഷം കൂടുതൽ കാര്യങ്ങൾ പറയുമെന്നും ഹസൻ പറഞ്ഞിരുന്നു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരുടെ പുനസംഘടനയിൽ അമർഷം പരസ്യമാക്കി എ ഗ്രൂപ്പും രംഗത്തെത്തിയിരുന്നു. സമവായത്തിലൂടെ പുനസംഘടനയെന്ന നിർദേശം നടപ്പായില്ലെന്ന് ബെന്നി ബഹനാൻ തുറന്നടിച്ചു. അർദ്ധ രാത്രി വാട്സ് ആപ്പിലൂടെ നടത്തിയ പുനസംഘടന ജനാധിപത്യ പാർട്ടിക്ക് യോജിച്ചതല്ലെന്നും ബെന്നി ബഹനാൻ വ്യക്തമാക്കി.