വികസനത്തിനെതിരായ നിഷേധാത്മക നിലപാട്‌ യുഡിഎഫിന് അന്ത്യം വരുത്തും: എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ വികസനത്തിനായി യുഡിഎഫ്‌ യോജിച്ച നിലപാട്‌ സ്വീകരിക്കുന്നില്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഈ നിഷേധാത്മക നിലപാട്‌ യുഡിഎഫിന്റെ അന്ത്യം വരുത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു. വിളപ്പിൽശാല ഇ എം എസ്‌ അക്കാദമിയിലെ പരിസ്ഥിതി ദിനാചരണ ഉദ്‌ഘാടനത്തിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സുരക്ഷിത കേരളം ഒരുക്കാനാണ്‌ എഐ കാമറ സ്ഥാപിച്ചത്‌. അഴിമതിയാരോപണത്തിന്‌ കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ട്‌. എന്നിട്ടും അസംബന്ധം പ്രചരിപ്പിക്കുന്നു. അഴിമതി നടത്തുന്ന സർക്കാരല്ല കേരളത്തിലേത്. ഒരു അഴിമതിയും അനുവദിക്കുകയുമില്ല.

ഗുണകരമായ എല്ലാ പദ്ധതിക്കും തുരങ്കം വയ്‌ക്കുന്ന ചില രാഷ്‌ട്രീയ പാർടികളുടെ നിലപാടിലേക്ക്‌ മാറാതെ മാധ്യമങ്ങൾ പോസിറ്റീവ്‌ ആകണം. സർക്കാരിനെതിരെ എന്താണ്‌ കിട്ടുകയെന്ന്‌ നോക്കിനടക്കുമ്പോൾ ഗുണമേന്മയുള്ള കാര്യങ്ങൾ ചൂണ്ടിക്കാണിക്കാനും മാധ്യമങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

06-Jun-2023