കുറ്റക്കാർ എന്ന് കണ്ടെത്തിയാൽ ആരോപണ വിധേയരായ അധ്യാപകർക്കെതിരെ അപ്പോൾ തന്നെ നടപടി

ബിരുദ വിദ്യാർത്ഥിനിയുടെ ആത്മഹത്യയെ തുടർന്ന് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജിൽ രണ്ട് ദിവസമായി നടന്നുവന്നിരുന്ന വിദ്യാർത്ഥി സമരം മന്ത്രി തല സമിതി നടത്തിയ ചർച്ചയോടെ അവസാനിപ്പിച്ചു.

ശ്രദ്ധയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും എന്നതാണ് ചർച്ചയിലെ പ്രധാന തീരുമാനം. മന്ത്രിമാർ ഇടപെട്ട പശ്ചാത്തലത്തിലാണ് സമരത്തിൽ നിന്ന് പിന്മാറാൻ വിദ്യാർത്ഥികൾ തയ്യാറായത്. ബിരുദ വിദ്യാർത്ഥിനി ശ്രദ്ധയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് കോട്ടയം എസ് പിയുടെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു. അന്വേഷണ ഘട്ടത്തിൽ കുറ്റക്കാർ എന്ന് കണ്ടെത്തിയാൽ ആരോപണ വിധേയരായ അധ്യാപകർക്കെതിരെ അപ്പോൾ തന്നെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, വിദ്യാർത്ഥികൾ ഏറ്റവും അധികം പരാതി ഉന്നയിച്ച ഹോസ്റ്റൽ വാർഡൻ സിസ്റ്റർ മായയെ തൽക്കാലത്തേക്ക് മാറ്റി നിർത്തും. അതും ബിഷപ്പുമായി ആലോചിച്ച ശേഷം മാത്രമായിരിക്കും.

07-Jun-2023