ചെങ്കോല്‍ വിഷയത്തില്‍ ബിജെപിക്കെതിരെ ജയറാം രമേശ്

ചെങ്കോല്‍ വിഷയത്തില്‍ ബിജെപിയുടെ 'നുണ ഫാക്ടറി' പൊളിഞ്ഞുവെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്. ചെങ്കോല്‍ കൈമാറിയ തിരുവാവതുറൈ മഠത്തിലെ മേധാവിയായ സ്വാമി തന്നെ നുണ പൊളിച്ചടുക്കിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ജയ്റാം രമേശിന്റെ ട്വീറ്റ് ഇങ്ങനെ:

ബിജെപിയുടെ 'നുണ ഫാക്ടറി' പൊളിഞ്ഞു. ദ് ഹിന്ദു പത്രത്തിലൂടെ ആ നുണ പൊളിച്ചത് തിരുവാവതുറൈ അധീനത്തിന്റെ തലവനായ സ്വാമികള്‍ തന്നെയാണ്. 1947 ഓഗസ്റ്റ് 14ന് ചെങ്കോല്‍ നെഹ്‌റുവിന് സമ്മാനിച്ചിരുന്നുവെന്നത് ശരിയാണ്. എന്നാല്‍ മൗണ്ട്ബാറ്റനോ രാജാജിയോ പങ്കെടുത്തില്ല. ഇന്നത്തെ രാജാവിന്റെയും ചെണ്ടകൊട്ടുകാരുടെയും കൂടുതല്‍ നുണകള്‍ക്കുമേല്‍ വസ്തുതകള്‍ ഇങ്ങനെ.

1. 1947 ഓഗസ്റ്റ് 29ലെ ദ് ഹിന്ദു പത്രത്തിന്റെ പത്താം പേജില്‍ ഒരു പരസ്യം ഉള്‍പ്പെടുത്തിയിരുന്നു. 1947 ഓഗസ്റ്റ് 14ന് രാത്രി പത്തിന് നെഹ്‌റുവിന് സുവര്‍ണ ചെങ്കോല്‍ നല്‍കുന്നതിന്റെ പടമായിരുന്നു അത്. തിരുവാവതുറൈ അധീനം നല്‍കിയ പരസ്യമായിരുന്നുവെന്ന് വ്യക്തമാണ്.

2. (ട്വീറ്റിലെ) ചിത്രങ്ങള്‍ക്ക് ഒടുവില്‍ നാഗസ്വരം വിദ്വാന്‍ ടി.എന്‍.രാജരത്‌നം പിള്ളയുടെ ചിത്രം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് സാംസ്‌കാരിക മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ വന്നത് ഇങ്ങനെ ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോള്‍ തിരുവാവതുറൈ മഠത്തില്‍നിന്ന് രാജരത്‌നം പിള്ളയെയാണ് മഠത്തിനുവേണ്ടി ചെങ്കോല്‍ കൈമാറാന്‍ ഡല്‍ഹിക്ക് അയച്ചത്.

ഡോ. പി. സുബ്ബരായന്‍ ആണ് ഇദ്ദേഹത്തെ നെഹ്‌റുവിനു പരിചയപ്പെടുത്തിക്കൊടുത്തത്. ചെങ്കോല്‍ കൈമാറുന്നതിനു മുന്‍പ് ഇദ്ദേഹം നെഹ്‌റുവിനായി നാഗസ്വരം വായിച്ചു കേള്‍പ്പിക്കുകയും ചെയ്തു. ഇതില്‍ എവിടെയും മൗണ്ട്ബാറ്റനെക്കുറിച്ചോ രാജാജിയെക്കുറിച്ചോ പറയുന്നില്ല.

09-Jun-2023