ലോകം ആശ്വസിച്ചു, അവരെ തിരിച്ചുകിട്ടിയതില്‍
അഡ്മിൻ
തായ്ലന്ഡ് : ലോകത്തിന്റെ ശാസ്ത്രീയവും പ്രായോഗികവുമായ ഇച്ഛാശക്തിയുടെ വിജയമാണ് തായ്ലാന്ഡില് 13 പേരുടെ ജീവന് രക്ഷിച്ചത്. ഒറ്റ മനസ്സോടെ കൈകോര്‍ത്ത് അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ നടത്തിയ സമാനതകളില്ലാത്ത പ്രയത്നത്തിനൊടുവില്‍ തായ് ഗുഹയ്ക്കുള്ളില്‍ അകപ്പെട്ട 13 പേരെയും പുറത്തെത്തിക്കാനായി. മൂന്നാം ദിവസത്തെ ദൗത്യത്തോടെയാണു രക്ഷാപ്രവര്‍ത്തനം പൂര്‍ണമായത്. സമീപകാലത്തു ലോകം കണ്ട അതീവ ദുഷ്കരദൗത്യമാണ് 17–ാം ദിവസം വിജയത്തിലെത്തിയത്. തീവ്രരക്ഷാദൗത്യത്തിനിടെ, തായ് നാവികസേനാ മുന്‍ ഉദ്യോഗസ്ഥന് സമന് കുനോന്ത് മരണപ്പെട്ടത് ഏവര്‍ക്കും വേദന സമ്മാനിച്ചു. ഗുഹയില്‍ കുടുങ്ങിയ 13 പേര്‍ക്കായി ഓക്സിജന്‍ എത്തിച്ചശേഷം ആഴമേറിയ വെള്ളക്കെട്ടിലൂടെ മടങ്ങുംവഴി സ്വന്തം ശേഖരത്തിലെ ജീവവായു തീര്‍ന്നാണു നീന്തല്‍ വിദഗ്ധനായ സമന് കുനോന്ത് മരിച്ചത്.
ജൂണ്‍ 23നാണ് ഉത്തര തായ്!ലന്‍ഡില്‍ താം ലുവാങ് ഗുഹയില്‍ 12 കുട്ടികളും അവരുടെ ഫുട്ബോള്‍ പരിശീലകനും കയറിയത്. 11നും 16നും മധ്യേ പ്രായമുള്ളവരാണ് കുട്ടികള്‍. ഇരുപത്തിയഞ്ചുകാരനാണു പരിശീലകന്. ഇവര്‍ കയറുന്ന സമയത്തു വെള്ളമുണ്ടായിരുന്നില്ല. അവര്‍ ഗുഹയുടെ അകത്തുള്ളപ്പോള്‍ പെരുമഴ പെയ്തു വെള്ളം ഇരച്ചുകയറി. ഗുഹാകവാടം ചെളിമൂടി. ചെളിയും മാലിന്യങ്ങളും ഗുഹയുടെ ഇടുങ്ങിയ ഭാഗങ്ങളിലും നിറഞ്ഞു. വെളിച്ചം മറഞ്ഞു. തുടര്‍ച്ചയായി മഴ പെയ്തതോടെ, 10 കിലോമീറ്റര്‍ നീളമുള്ള, ചുണ്ണാമ്പുകല്ലു നിറഞ്ഞ ഗുഹയുടെ നാലു കിലോമീറ്റര്‍ അകത്തായിരുന്നു കുട്ടികള്‍ ഉണ്ടായിരുന്നത്. കുട്ടികളുടെ സൈക്കിള്‍, ബാഗുകള്‍, ഷൂസ് തുടങ്ങിയവ ഗുഹാമുഖത്തിനു സമീപം കണ്ട ചിയാങ് റായ് വനത്തിലെ റേഞ്ചര്‍ വിവരമറിയിച്ചപ്പോഴാണു വിവരം മറ്റുള്ളവര്‍ അറിഞ്ഞത്. കുട്ടികളുടെ മാതാപിതാക്കള്‍ മക്കളെ കാണാനില്ലെന്ന പരാതിയുമായി എത്തുകയും ചെയ്തതോടെ ഗുഹയ്ക്കുള്ളില്‍ പെട്ടതാകാമെന്ന് ഉറപ്പായി. ഒന്‍പതു ദിവസം നീണ്ട അതീവ ശ്രമകരമായ ദൗത്യത്തിനൊടുവില്‍ ബ്രിട്ടിഷ് കേവ് റെസ്ക്യൂ കൗണ്‍സില്‍ അംഗങ്ങളായ നീന്തല്‍ വിദഗ്ധര്‍ ജോണ്‍ വോളന്തെനും റിച്ചാര്‍ഡ് സ്റ്റാന്റനുമാണു കുട്ടികളെ കണ്ടെത്തിയത്. തൊട്ടടുത്ത നിമിഷം തായ്!ലന്‍ഡിലേക്കു ലോകം കാരുണ്യപൂര്‍വം പാഞ്ഞെത്തി. ആയിരത്തിനും ആയിരത്തി അഞ്ഞൂറിനും ഇടയില്‍ സാങ്കേതിക വിദഗ്ധര്‍, ഡൈവര്‍മാര്‍, ഗുഹാ വിദഗ്ധര്‍, മെഡിക്കല്‍ സംഘം, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന രക്ഷാപ്രവര്‍ത്തകരാണു രണ്ടാഴ്ചയിലേറെയായി ഗുഹാമുഖത്ത് കുട്ടികളെ രക്ഷിക്കാനായി പ്രവര്‍ത്തിച്ചത്. റോയല്‍ തായ് നാവികസേനയുടെ ഭാഗമായ തായ് നേവല്‍ സീലുകളാണു നേതൃത്വം നല്‍കിയത്. ഗുഹയിലേക്കു മറ്റു പ്രവേശനമാര്‍ഗങ്ങളുണ്ടോ എന്നു കണ്ടുപിടിക്കാന്‍ ഡ്രോണുകളും റോബട്ടുകളും ഉപയോഗിച്ചു. എന്നാല്‍, ഗുഹയ്ക്കുള്ളിലെ മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ നേരിട്ടു പോവുകയല്ലാതെ മാര്‍ഗങ്ങളില്ലായിരുന്നു.
ബ്രിട്ടനിലെ ഡെര്‍ബിഷര്‍ റെസ്ക്യൂ ഓര്‍ഗനൈസേഷനില്‍നിന്നു കടം വാങ്ങിയ ഹേയ്ഫോണ്‍ വിഎല്‍എഫ് റേഡിയോകളുമായാണ് രക്ഷാപ്രവര്‍ത്തകര്‍ ഗുഹയ്ക്കുള്ളിലേക്കു പോയത്. കുട്ടികളെ കണ്ടെത്തിയ ശേഷം അവരുടെ വിഡിയോ ഫോണില്‍ പകര്‍ത്തിയതു പുറത്തുവന്നു. അകത്തേക്ക് ടെലിഫോണ്‍ കേബിള്‍ വലിക്കാനുളള ശ്രമം വിജയിച്ചില്ല. കുട്ടികള്‍ കത്തുകള്‍ എഴുതി കൊടുത്തയച്ചു. മാതാപിതാക്കള്‍ തിരിച്ചും കത്തെഴുതി. ഗുഹയ്ക്കുള്ളിലേക്കു കയറും മുന്‍പ് വാങ്ങിയ ലഘുഭക്ഷണവും വെള്ളവും കോച്ചിന്റെ നിര്‍ദേശപ്രകാരം അല്പാല്പമായി കഴിച്ചാണു പത്തുദിവസം പിന്നിട്ടത്. രക്ഷാപ്രവര്‍ത്തകര്‍ കുട്ടികളെ കണ്ടെത്തിയ ശേഷം ഡോക്ടറുടെ നിര്‍ദേശപ്രകാരം പ്രത്യേക ജെല്ലികള്‍, വിറ്റമിന്‍, മിനറല്‍ ഗുളികള്‍ എന്നിവ നല്കി. ബ്രിട്ടന്, യുഎസ്, ചൈന, മ്യാന്മര്, ലാവോസ്, ഓസ്ട്രേലിയ, ജപ്പാന്, റഷ്യ, ഫിന്‍ലന്‍ഡ്, ഡെന്മാര്ക്ക്, സ്വീഡന്, നെതര്‍ലന്‍ഡ്സ്, ബെല്‍ജിയം, ജര്‍മനി, ചെക്ക് റിപ്പബ്ലിക്, യുക്രെയ്ന്, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളുടെ ഏകോപനമാണു രക്ഷാപ്രവര്‍ത്തനം വിജയമാക്കിയത്. ചൊവ്വാഴ്ച പ്രാദേശികസമയം രാവിലെ 10.08 നാണു മൂന്നാം ദിവസത്തെ ദൗത്യം ആരംഭിച്ചത്. 19 ഡൈവര്മാരാണു ഗുഹയ്ക്കകത്തേക്കു പ്രവേശിച്ചത്. പുറത്തെത്തിച്ച കുട്ടികളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. ടെറ്റനസ്, റാബിസ് രോഗപ്രതിരോധത്തിനുളള മരുന്നുകള്‍ക്കൊപ്പം ഐവി ഡ്രിപ്പുകളും കുട്ടികള്‍ക്കു നല്‍കുന്നുണ്ട്. ആദ്യസംഘത്തിലുണ്ടായിരുന്ന കുട്ടികളുടെ ശരീരതാപനില ഏറെ താഴ്ന്ന നിലയിലായിരുന്നു. രണ്ടു കുട്ടികള്‍ക്കു ശ്വാസകോശത്തില്‍ പ്രശ്നങ്ങള്‍ കണ്ടു. ചികില്‍സ പൂര്‍ത്തിയാകാത്തതിനാലും അണുബാധ ഒഴിവാക്കാനും കുട്ടികളെയും രക്ഷിതാക്കളെയും ആശുപത്രി ജാലകത്തിലൂടെ തമ്മില്‍ കാണാന്‍ മാത്രമാണ് അനുവദിക്കുന്നത്. ദിവസങ്ങളോളം ഗുഹയ്ക്കകത്ത് പെട്ടുപോയ മുഴുവന്‍ പേരെയും പുറത്തെത്തിച്ചതോടെ ലോകത്തിനാകെ മാതൃകയായിരിക്കുകയാണ് തായ്!ലന്‍ഡിലെ രക്ഷാപ്രവര്‍ത്തനം.
11-Jul-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ