കേരളത്തിലെ കോൺഗ്രസ് നേത്യത്വത്തിൽ നിലവിലുള്ള ഉൾപ്പോരിനെപ്പറ്റി ഒളിഞ്ഞും തെളിഞ്ഞുമുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇടഞ്ഞു നിൽക്കുന്ന എ, ഐ ഗ്രൂപ്പുകളെ അനുനയിപ്പിക്കാനുള്ള പൊരിഞ്ഞ നീക്കത്തിലാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തലയുമായി കെപിസിസി ഓഫീസിൽ ചർച്ച നടത്തി. പരാതിക്കാരെ നേരിൽ കാണുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹം രമേശ് ചെന്നിത്തലയുമായി ചർച്ച നടത്തിയത്.
വിഷയം ഹൈക്കമാന്റിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും അക്കാര്യങ്ങൾ എന്താകുമെന്ന് നോക്കാം എന്നുമായിരുന്നു കെ സുധാകരനുമായുള്ള ചർച്ചക്ക് ശേഷം രമേശ് ചെന്നിത്തലയുടെ പ്രതികരണം. എ,ഐ ഗ്രൂപ്പുകളെ അനുനയിപ്പിക്കാനുള്ള ചർച്ച കെപിസിസി നേതൃത്വം തുടരും. കേരളത്തിലെ പരാതികൾ ഹൈക്കമാൻറിന് മുന്നിൽ എത്താതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇതിന് മുന്നോടിയായി കെ സുധാകരൻ വിഡി സതീശനുമായും ചർച്ചനടത്തും.
അതേസമയം, ജില്ലാ അടിസ്ഥാനങ്ങളിൽ ഗ്രൂപ്പ് യോഗങ്ങൾ വിളിച്ച് കരുത്തുകാട്ടാനുള്ള നീക്കത്തിലാണ് എ,ഐ ഗ്രൂപ്പുകൾ. രമേശ് ചെന്നിത്തലയും എംഎം ഹസനും ചർച്ചയിൽ ഉന്നയിച്ച പരാതികൾ കെ സുധാകരൻ വിഡി സതീശനോട് വിശദമാക്കും. കെപിസിസി പ്രസിഡൻറിനെ മറയാക്കി പാർട്ടി പിടിക്കാൻ സതീശൻ ശ്രമിക്കുന്നുവെന്നാണ് പ്രബല ഗ്രൂപ്പുകളുടെ പരാതി. ഒന്നിച്ചുനിന്ന് എതിർക്കാനും ഹൈക്കമാൻറിനു മുന്നിൽ പരാതിയുമായി പോയാലും കെപിസിസിക്കാണ് തലവേദന.
അധ്യക്ഷനെ നേരിട്ട് ബാധിക്കുമെന്നതിനാൽ സമവായത്തിനുള്ള എല്ലാ സാധ്യതകളുമാണ് കെ സുധാകരൻ നടത്തുന്നത്. തുടർചർച്ചകൾക്കും ഇടം ഒരുക്കിയാണ് ആദ്യ കൂടിക്കാഴ്ച ഇന്നലെ അവസാനിച്ചത്. എന്നാൽ കേരളത്തിൽ ഇനി ചർച്ചയില്ലെന്ന സൂചനയാണ് രമേശും ഹസനും നൽകിയത്. പരാതികളിൽ ഹൈക്കമാൻറ് തീരുമാനം എടുക്കട്ടെയെന്ന പ്രതികരണവും.