കേന്ദ്രസേനയെ വിന്യസിച്ചാല്‍ മാത്രമേ ജനങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയൂ: അധീർ രഞ്ജൻ ചൗധരി

പശ്ചിമബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പിൽ സി.പി.എമ്മുമായി കൈകോർക്കുമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി. ജുലൈ എട്ടിന് 75000 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പണം ആരംഭിച്ചിട്ടുണ്ട്. പത്രിക ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്നും തെരഞ്ഞെടുപ്പ് ദിവസം സുരക്ഷക്കായി കേന്ദ്രസേനയെ വിന്യസിക്കണമെന്നും ആവശ്യപ്പെട്ട് അധീര്‍ രഞ്ജന്‍ ചൗധരി കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചു.

കേന്ദ്രസേനയെ വിന്യസിച്ചാല്‍ മാത്രമേ ജനങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയൂവെന്നും അവരുടെ സാന്നിധ്യം കാരണമാണ് സാഗര്‍ദീഘി ഉപതെരഞ്ഞെടുപ്പ് പോളിങ് സുഗമമായി നടന്നതെന്നും ചൗധരി പറഞ്ഞു. ഈ വര്‍ഷം ആദ്യം നടന്ന ത്രിപുര തെരഞ്ഞെടുപ്പിന് പുറമെ പശ്ചിമ ബംഗാളില്‍ 2016,2021 നിയമസഭ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസും സിപിഎമ്മും സഖ്യം ചേര്‍ന്നിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രവും നീതിയുക്തവുമായ പോളിങ് ഉറപ്പാക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കോടതിയില്‍ സത്യവാങ്മൂലം നല്‍കണമെന്നും അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ നിന്ന് രക്ഷപ്പെടാൻ ഞങ്ങൾ ശ്രമിക്കുന്നില്ല, മറിച്ച് അത് സമാധാനപരമായി നടക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

10-Jun-2023