ഗൂഢാലോചന നടത്തിയവരെ നിയമത്തിന്റെ മുന്‍പിൽ കൊണ്ടുവരും: എംവി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം ഹാരാജാസ് കോളജിലെ റിസൾട്ട് വിവാദത്തിൽ, എസ്‌എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയുടെ പരാതി പ്രകാരമുള്ള ക്രൈംബ്രാഞ്ച് കേസിനെതുടർന്ന് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റർ . മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ കേസെടുത്തത് ഗൂഢാലോചനയുടെ ഭാഗമായതിനാലാണ്. ഗൂഢാലോചനക്കാര്‍ കൈകാര്യം ചെയ്യപ്പെടണമെന്നും എം.വി.ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.

‘‘കേസിന്റെ മെറിറ്റിലേയ്ക്ക് പോകുന്നില്ല. ഈ വിഷയം കേന്ദ്രസര്‍ക്കാരുമായി താരതമ്യപ്പെടുത്തേണ്ട. മാധ്യമപ്രവർത്തക വാർത്ത റിപ്പോർട്ട് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമായാണ്. വെറുതെ അത്തരത്തിലൊരു റിപ്പോർട്ട് വരില്ല. ഗൂഢാലോചന നടത്തിയവരെ നിയമത്തിന്റെ മുന്‍പിൽ കൊണ്ടുവരും. സർക്കാർ വിരുദ്ധ– എസ്എഫ്ഐ വിരുദ്ധ ക്യാംപെയ്നിന്റെ പേരിൽ നടന്നാൽ മാധ്യമങ്ങൾക്കെതിരെയും കേസെടുക്കും’’– ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

അതേസമയം, ആർഷോയുടെ പരാതിയിലെ ഗൂഢാലോചന കേസിൽ മഹാരാജാസ് കോളജ് പ്രിൻസിപ്പൽ വി.എസ്.ജോയിയെ ചോദ്യം ചെയ്തു. വിവാദത്തിനു പിന്നിൽ ഗൂഢാലോചനയില്ലെന്ന് പ്രിൻസിപ്പൽ മൊഴി നൽകി. റിസൾട്ടിൽ ആർഷോയുടെ പേര് വന്നത് തന്റെ ഓഫിസിന്റെ പിഴവല്ലെന്ന് പരീക്ഷാ കൺട്രോളർ പ്രിൻസിപ്പലിന് റിപ്പോർട്ട് നൽകിയിരുന്നു.

11-Jun-2023