പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാര്‍ക്കുള്ള ക്യാമ്പ് ഇന്ന് ആലുവയില്‍
അഡ്മിൻ
തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാര്‍ക്കുള്ള ക്യാമ്പ് ഇന്ന് ആലുവയില്‍ നടക്കും. കുഞ്ചാട്ടുകര ശാന്തിഗിരി ആശ്രമത്തില്‍ രാവിലെ 10.30ന് പതാക ഉയര്‍ത്തുന്നതോടെയാണ് രണ്ട് ദിവസത്തെ ക്യാമ്പിന് തുടക്കമാവുക. ക്യാമ്പ് കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഉദ്ഘാടനം ചെയ്യും. ഏഴ് ജില്ലകളില്‍ നിന്നായി 150 ഓളം പ്രതിനിധികളാണ് ക്യാമ്പില്‍ പങ്കെടുക്കുക.
പുനഃസംഘടനയെ ചൊല്ലി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നില്ക്കുന്ന എ,ഐ വിഭാഗങ്ങളിലെ പ്രമുഖ നേതാക്കള്‍ ക്യാമ്പില്‍ പങ്കെടുക്കില്ല. രമേശ് ചെന്നിത്തല, എം എം ഹസന്, ബെന്നി ബഹ്നാന് എന്നിവരടക്കമുള്ളവരാണ് വിട്ടുനില്‍ക്കാന്‍ സാധ്യതയുള്ള നേതാക്കള്‍. രണ്ടാം ദിവസമായ തിങ്കളാഴ്ച്ചത്തെ ക്യാമ്പില്‍ പങ്കെടുക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടി താരിഖ് അന്‍വര്‍ ഇന്ന് വൈകിട്ട് കൊച്ചിയിലെത്തുന്നുണ്ട്. ഇടഞ്ഞു നില്ക്കുന്ന നേതാക്കളുമായി താരിഖ് അന്‍വര്‍ കൂടിക്കാഴ്ച്ച നടത്തിയേക്കും.
അതേസമയം, ഗ്രൂപ്പ് യോഗം ചേര്‍ന്നതില്‍ പ്രവര്‍ത്തകര്‍ക്ക് ദുഃഖമോ അമര്‍ഷമോ ഇല്ലെന്ന് ബെന്നി ബഹ്നാന് എം പി പറഞ്ഞു. പ്രതിഷേധമുള്ളതായി പ്രവര്‍ത്തകരാരും പറഞ്ഞിട്ടില്ലെന്നും ബെന്നി ബെഹനാന് പറഞ്ഞു. കെ സുധാകരന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായാണ് ബെന്നി ബെഹനാന് രംഗത്തെത്തിയത്.
'സൗഭാഗ്യമനുഭവിച്ചവരാണ് ഗ്രൂപ്പുണ്ടാക്കുന്നതെന്ന സുധാകരന്റെ ആരോപണത്തിന് ഇപ്പോള്‍ മറുപടി പറയുന്നില്ല. കേരളത്തിലെത്തുന്ന എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെ കണ്ട് പറയാനുള്ളത് പറയും. മഞ്ഞുരുകുമോ ഇല്ലയോ എന്ന് കണ്ടുനോക്കാം. പ്രശ്നം പരിഹരിക്കപ്പെടണം.' അതിനുള്ള നടപടികളുണ്ടാവണമെന്നും ബെന്നി ബഹ്നാന് കൂട്ടിച്ചേര്‍ത്തു.