പുനഃസംഘടനയില്‍ കെപിസിസി നേതൃത്വവും ഗ്രൂപ്പുകളും തമ്മിലുള്ള ഭിന്നത തുടരുന്നു

സംസ്ഥാന കോൺഗ്രസിലെ ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികയെ ചൊല്ലി പോര് തുടരവേ പുനഃസംഘടനയില്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. പുനഃസംഘടന അവസാനിക്കുന്നില്ലെന്നും പൂര്‍ത്തിയാക്കുമെന്നും സുധാകരന്‍ പറഞ്ഞു.

അടുത്തതു മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പുനഃസംഘടനയാണ്. നേതാക്കള്‍ സാധാരണക്കാരോടൊപ്പം നില്‍ക്കണം. അപശബ്ദമുണ്ടാക്കാതെ ബ്ലോക്ക് പ്രസിഡന്റുമാര്‍ ശ്രദ്ധിക്കണമെന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം,കോണ്‍ഗ്രസ് പുനഃസംഘടനയില്‍ കെപിസിസി നേതൃത്വവും ഗ്രൂപ്പുകളും തമ്മിലുള്ള ഭിന്നത രൂക്ഷമായി തുടരുകയാണ്. പുതിയതായി നിയമിതരായ ബ്ലോക്ക് പ്രസിഡന്റുമാര്‍ക്കായി ആലുവയില്‍ നടത്തുന്ന പഠനക്യാംപ് ഗ്രൂപ്പ് നേതാക്കള്‍ ബഹിഷ്‌കരിച്ചു. ബെന്നി ബഹ്നാന്‍, കെ.സി. ജോസഫ്, രമേശ് ചെന്നിത്തല, എം.എം. ഹസ്സന്‍ എന്നിവര്‍ പങ്കെടുക്കില്ല.

കേരളത്തിലെ പ്രശ്‌ന പരിഹാരത്തിനായി താരിഖ് അന്‍വര്‍ എത്തുന്ന ദിവസം തന്നെയാണു ക്യാംപ് അടക്കം ബഹിഷ്‌കരിച്ച് ഗ്രൂപ്പ് നേതാക്കള്‍ മുന്നോട്ടുപോകുന്നത്. ജൂണ്‍ മൂന്ന് രാത്രി 12 മണിക്കാണു കെപിസിസി പ്രസിഡന്റിന്റെ ഫെയ്‌സ്ബുക് പേജില്‍ ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക പ്രസിദ്ധീകരിച്ചത്. കൂടിയാലോചന നടത്താതെയാണു സംസ്ഥാന നേതൃത്വം കേരളത്തില്‍ ബ്ലോക്ക് പ്രസിഡന്റുമാരെ തീരുമാനിച്ചതെന്നായിരുന്നു എ, ഐ ഗ്രൂപ്പുകളുടെ പരാതി.

12-Jun-2023