സുധാകരനെതിരായ കേസ് രാഷ്ട്രീയ പക പോക്കലല്ല: ഇപി ജയരാജൻ
അഡ്മിൻ
കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരായ കേസ് രാഷ്ട്രീയ പക പോക്കലല്ലെന്ന് ഇടത് മുന്നണി കൺവീനറും പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവുമായ ഇപി ജയരാജൻ. തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് പരാതിക്കാരൻ പരാതി നൽകിയത്. ജീവിക്കുന്ന തെളിവുകളാണ് സമർപ്പിച്ചത്. അങ്ങനെ വരുമ്പോൾ കേസെടുക്കാതിരിക്കാൻ കഴിയില്ല. കുറ്റം ചെയ്ത ഒരാളെയും സർക്കാർ സംരക്ഷിക്കില്ലെന്നും ഇപി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
വിദ്യയെക്കുറിച്ച് നിങ്ങളുടെ കയ്യിൽ എന്തെങ്കിലും വിവരമുണ്ടങ്കിൽ പോലീസിനെ അറിയിക്കൂ എന്നായിരുന്നു ഇപി ജയരാജന്റെ പ്രതികരണം. നിങ്ങളുടെ കയ്യിൽ എന്തെങ്കിലും വിവരം ഉണ്ടെങ്കിൽ പൊലീസിനെ അറിയിക്കൂ. അത്യന്തം ഗുരുതരമായ ആരോപണമാണ് ഉയർന്നിരിക്കുന്നത്. ആരെങ്കിലും ഒളിവിൽ പാർപ്പിച്ചതായി അറിഞ്ഞാൽ മാധ്യമങ്ങൾക്കും ചൂണ്ടിക്കാട്ടാം. പ്രതികളെ രക്ഷിക്കാൻ ആരും ശ്രമിക്കുന്നില്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
ഒരു പരാതി വന്നാൽ അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തും. ഏഷ്യാനെറ്റ് ലെഖിക നിരപരാധി ആണെന്ന് തെളിഞ്ഞാൽ നടപടിയുണ്ടാകില്ല. തെറ്റ് ചെയ്യാത്തവർ ഭയപ്പെടേണ്ട കാര്യം ഇല്ല. മാധ്യമങ്ങൾക്ക് നിർഭയമായി പ്രവർത്തിക്കാം.- അദ്ദേഹം പറഞ്ഞു.