സര്‍ക്കാര്‍ വഴങ്ങി; ഹരിയാനയിലെ സൂര്യകാന്തി കര്‍ഷക സമരം ഒത്തുതീര്‍പ്പായി

മിനിമം താങ്ങുവില ആവശ്യപ്പെട്ട് ഹരിയാനയിലെ സൂര്യകാന്തി കര്‍ഷകര്‍ നടത്തിയിരുന്ന സമരം ഒത്തുതീര്‍പ്പായി. കര്‍ഷകരുടെ ആവശ്യങ്ങള്‍ ഹരിയാന സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണിത്. സൂര്യകാന്തിയ്ക്ക് മിനിമം താങ്ങുവില, കഴിഞ്ഞയാഴ്ച ഷഹാബാദില്‍ നടന്ന പ്രതിഷേധത്തിനിടെ അറസ്റ്റിലായ ഒമ്പത് കര്‍ഷക നേതാക്കളെ മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നൂറുകണക്കിന് കര്‍ഷകര്‍ പിപ്ലിക്ക് സമീപം ദേശീയപാത 44 ഉപരോധിച്ചത്.

കര്‍ഷകര്‍ പ്രതിഷേധം അവസാനിപ്പിച്ച് തടഞ്ഞ റോഡുകള്‍ തുറക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) നേതാവ് രാകേഷ് ടികായത് അറിയിച്ചു. 'ഞങ്ങള്‍ ഞങ്ങളുടെ പ്രതിഷേധം അവസാനിപ്പിക്കുകയാണ്. തടയപ്പെട്ട റോഡുകള്‍ ഇന്ന് തുറക്കും. ഞങ്ങളുടെ വിളകള്‍ മിനിമം താങ്ങുവിലയ്ക്ക് വാങ്ങാനാണ് ഞങ്ങള്‍ പ്രതിഷേധിച്ചത്.

എംഎസ്പിക്ക് വേണ്ടി രാജ്യത്തുടനീളം ഞങ്ങള്‍ പോരാടും. ഞങ്ങളുടെ നേതാക്കളെ ഉടന്‍ വിട്ടയക്കും. ഞങ്ങളുടെ നേതാക്കള്‍ക്കെതിരെ എടുത്ത കേസുകള്‍ റദ്ദാക്കും,' രാകേഷ് ടികായത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

14-Jun-2023