മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലകളില്‍ നേരിട്ടെത്തുന്നു

ഭരണനേട്ടങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കാനും സമയബന്ധിതമായ പദ്ധതിനിര്‍വഹണം ഉറപ്പാക്കാനും മുഖ്യമന്ത്രി പിണറായി വിജയനും വിവിധ മന്ത്രിമാരും നേരിട്ട് ജില്ലകളിലെത്തുന്നു. സെപ്റ്റംബര്‍ 4, 7, 11, 14 തീയതികളില്‍ യഥാക്രമം കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ മേഖലാ അവലോകന യോഗം ചേരും.

ജില്ലകളിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വികസനം ത്വരിതപ്പെടുത്തുന്നതിനുമാണ് യോഗം ചേരുക. പിന്നാലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പോലീസ് ഓഫീസര്‍മാരുടെ യോഗവും ചേരും.
കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെ മേഖലായോഗങ്ങളാണ് നാലിന് കോഴിക്കോട് നടക്കുക. പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകകളിലെ മേഖലാ അവലോകന യോഗം ഏഴിന് തൃശ്ശൂരും, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലേത് 11-ന് എറണാകുളത്തും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലേത് 14-ന് തിരുവനന്തപുരത്തും നടക്കും.

മേഖലാ അവലോകന യോഗങ്ങള്‍ക്കു മുന്നോടിയായി ഓരോ ജില്ലയിലെ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ പരിഗണിക്കേണ്ട കാര്യങ്ങള്‍ ജൂണ്‍ 30-ന് മുന്‍പ് തയ്യാറാക്കും. മൂന്നു ഘട്ടങ്ങളിലായാണ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുക. അടിസ്ഥാനസൗകര്യ വികസ പദ്ധതികള്‍, ക്ഷേമപദ്ധതികള്‍, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ എന്നിവയുടെ പുരോഗതി വിലയിരുത്തിയുള്ള റിപ്പോര്‍ട്ടുകള്‍ ആദ്യഘട്ടത്തില്‍ തയ്യാറാക്കും. ജില്ലകളിലെ ഈ മേഖലയിലുള്ള വിവിധ പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനായി, ഇതുമായി ബന്ധപ്പെട്ടവരെ ഉള്‍പ്പെടുത്തി ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ശില്പശാല നടത്തും.

രണ്ടാംഘട്ടത്തില്‍ അവലോകന യോഗത്തില്‍ പരിഗണിക്കേണ്ട വിഷയങ്ങളെ പ്രാധാന്യമനുസരിച്ച് മൂന്നായി തരംതിരിക്കും. സര്‍ക്കാര്‍തലത്തില്‍ തീരുമാനമെടുക്കേണ്ടവ, വിവിധ വകുപ്പുകളുമായി ചര്‍ച്ചചെയ്ത് പരിഹരിക്കാവുന്നവ എന്നിവയാണ് ആദ്യത്തേത്. ജില്ലകളില്‍ പരിഹരിക്കാവുന്നവ, ജില്ലാതലത്തില്‍ വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും ഏകോപനത്തിലൂടെ പരിഹരിക്കാവുന്നവ എന്നിവയാണ് രണ്ടാമത്തേത്. മേല്‍ രണ്ട് ഗണത്തിലും ഉള്‍പ്പെടാത്ത സാധാരണ വിഷയങ്ങളാണ് മൂന്നാമതായി തരംതിരിക്കുക.

തുടര്‍ന്ന് സെക്രട്ടറിതല അവലോകനമുണ്ടാകും. ഓരോ വകുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍മാര്‍ തിരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ അതതു സെക്രട്ടറിമാര്‍ പരിശോധിച്ച് ജില്ലാ തലത്തിലും സര്‍ക്കാര്‍ തലത്തിലും പരിഹരിക്കേണ്ടവ കണ്ടെത്തി അവലോകനം നടത്തും.

സെപ്റ്റംബര്‍ നാലുമുതല്‍ 14 വരെയുള്ള മൂന്നാംഘട്ടത്തില്‍ ഓരോ മേഖലയിലും നടക്കുന്ന അവലോകന യോഗങ്ങളില്‍ ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുക്കും. തുടര്‍ന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മേഖലായോഗങ്ങളില്‍ ബന്ധപ്പെട്ട വിഷയങ്ങളില്‍ അന്തിമതീരുമാനം കൈക്കൊള്ളും. ഇത്തരത്തില്‍ കൈക്കൊള്ളുന്ന തീരുമാനം സംബന്ധിച്ച് 48 മണിക്കൂറിനുള്ളില്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്യും. കൂടാതെ ജില്ലാ കളക്ടര്‍മാര്‍ ജില്ലാതലത്തില്‍ കണ്ടെത്തുന്ന വിവിധ വിഷയങ്ങള്‍ സമര്‍പ്പിക്കുന്നതിനും വകുപ്പ് സെക്രട്ടറിമാര്‍ക്ക് നിരീക്ഷിക്കുന്നതിനും വകുപ്പുകള്‍ക്ക് നടപടിയായി കൈമാറുന്നതിനും സാധ്യമാകുന്ന തരത്തില്‍ സോഫ്റ്റ്വെയറും തയ്യാറാക്കും.

14-Jun-2023