കേരളത്തിൽ റോഡുകളിലെ വാഹന വേഗപരിധി പുതുക്കി

കേരളത്തിൽ റോഡുകളിലെ വാഹനങ്ങളുടെ വേഗപരിധി പുതുക്കി നിശ്ചയിച്ചു. ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍. കാറുകള്‍ക്ക് ഇനി ദേശീയപാതയില്‍ 100 കിലോമീറ്റര്‍ വേഗതയിലും സംസ്ഥാനപാതയില്‍ 90 കിലോമീറ്ററിലും സഞ്ചരിക്കാം. അപകടതോത് കണക്കിലെടുത്ത് ഇരുചക്ര വാഹനങ്ങളുടെ വേഗപരിധി 70 കിലോമീറ്ററില്‍ നിന്ന് 60 ആയി കുറച്ചു.

പുതുക്കിയ വേഗപരിധി അടുത്തമാസം ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഒന്‍പത് സീറ്റ് വരെയുള്ള വാഹനങ്ങള്‍ ആറ് വരി പാതയില്‍ 110 കിലോമീറ്ററാണ് നിലവിലെ വേഗപരിധി. നാല് വരി നാഷണല്‍ ഹൈവേയില്‍ 100 കിലോമീറ്ററായി വേഗപരിധി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്, നേരത്തെ ഇത് 90 കിലോമീറ്റര്‍ ആയിരുന്നു.

നേരത്തെ 85 കിലോമീറ്റര്‍ വേഗപരിധി നിശ്ചയിച്ചിരുന്ന സംസ്ഥാന പാതയില്‍ നിലവില്‍ 90 കിലോമീറ്ററാണ് വേഗപരിധി. ജില്ലാ റോഡിലെ വേഗപരിധിയില്‍ മാറ്റമില്ല, 80 കിലോമീറ്ററായി തന്നെ തുടരും. മറ്റുറോഡുകളില്‍ 70 കിലോമീറ്ററും നഗര റോഡുകളില്‍ 50 കിലോമീറ്ററുമാണ് വേഗപരിധി.

15-Jun-2023