മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ മൊഴി നല്‍കിയ ആള്‍ക്ക് വധഭീഷണി. മോന്‍സന്റെ മുന്‍ ഡ്രൈവര്‍ ജെയ്‌സനെയാണ് ഭീഷണിപ്പെടുത്തിയത്. ജെയ്‌സന്‍ നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെതിരെ പോലീസ് കേസെടുത്തു.
ചേര്‍ത്തല സ്വദേശി മുരളിക്കെതിരെയാണ് കേസ്. മുരളി തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും ജെയ്‌സന്‍ ചേര്‍ത്തല പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം, പോക്സോ കേസില്‍ സുധാകരനെതിരെ മൊഴിയുണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവന ഏറെ വിവാദമായിരിക്കുകയാണ്. മോന്‍സന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അവിടെ ഉണ്ടായിരുന്നുവെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
തന്നെ പീഡിപ്പിക്കുമ്പോള്‍ സുധാകരന്‍ ആ വീട്ടില്‍ ഉണ്ടായിരുന്നെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ആ കേസില്‍ ചോദ്യം ചെയ്യാനാണ് സുധാകരനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരിക്കുന്നത്. പീഡന വിവരം അറിഞ്ഞിട്ടും സുധാകരന്‍ ഇടപെട്ടിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്.