18 മാറ്റങ്ങളുമായി കർണാടകയിലെ പാഠപുസ്തകങ്ങൾ

കർണാടകയിലെ പാഠപുസ്തകങ്ങളിൽ ബിജെപി സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ ഒഴിവാക്കി സിദ്ധരാമയ്യ സർക്കാർ. മുൻ ബിജെപി സർക്കാർ പരിഷ്കരിച്ച ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളിലാണ് 18 സുപ്രധാന മാറ്റങ്ങൾ വരുത്തി സിദ്ധരാമയ്യ സർക്കാർ ഉത്തരവിറക്കിയത്.

ഏറ്റവും പുതുതായി ചേർത്ത 15 പാഠഭാഗങ്ങൾ ലഘുപുസ്തകങ്ങളായി അച്ചടിച്ച് സ്കൂളുകൾക്ക് കൈമാറാനാണ് സർക്കാർ തീരുമാനം. ഈ പാഠഭാഗങ്ങൾ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്‍റെ വെബ്സൈറ്റിലും ലഭ്യമാക്കും. വിഡി സവർക്കറിനെയും ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാറിനെയും പറ്റിയുള്ള പാഠഭാഗങ്ങൾ കന്നട പുസ്തകത്തിൽ നിന്നും പുതിയ പരിഷ്ക്കരണത്തിന്‍റെ ഭാഗമായി ഒഴിവാക്കിയിട്ടുണ്ട്. പാഠപുസ്തക പരിഷ്ക്കരണത്തിന് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകി

പ്രധാനമായും പത്താം ക്ലാസ് കന്നഡ പാഠപുസ്തകത്തിലാണ് ശ്രദ്ധേയമായ മാറ്റം വരുത്തിയത്. ഹെഡ്‌ഗേവാറിന്റെ ‘നിജവാദ ആദർശ പുരുഷ യരഗബേക്കു’ എന്ന പാഠത്തിന് പകരം ശിവകോട്യാചാര്യയുടെ ‘സുകുമാര സ്വാമിയാ കഥേ’ എന്ന പാഠം ഉൾപ്പെടുത്തി.

എട്ടാം ക്ലാസ് കന്നഡ പാഠപുസ്തകത്തിൽ വി ഡി സവർക്കറിനെക്കുറിച്ചുള്ള കെ ടി ഗട്ടിയുടെ ‘കലവന്നു ഗെഡ്ഡവരു’ എന്നതിന് പകരം വിജയമാല രംഗനാഥിന്റെ ‘ബ്ലഡ് ഗ്രൂപ്പ്’ ഉൾപ്പെടുത്തിയിട്ടുണ്ട്. പത്താം ക്ലാസ് കന്നഡ പാഠപുസ്തകത്തിൽ നിന്നും ഡോ. ആർ.ഗണേഷിന്‍റെ ‘ശ്രേഷ്ഠ ഭാരതീയ ചിന്തകൾ’ എന്നതിന് പകരം സാറാ അബൂബക്കറിന്‍റെ ‘യുദ്ധ’ ഉൾപ്പെടുത്തി.

സംഘപരിവാർ അനുകൂലിയായ ചക്രവർത്തി സുലിബെലെയുടെ ‘തായി ഭാരതീയ അമര പുത്രരു’ എന്ന ഗദ്യം പത്താം ക്ലാസ് കന്നഡ പാഠപുസ്തകത്തിൽ നിന്നും മറ്റൊന്നും കൂട്ടിച്ചേർക്കാതെ ഒഴിവാക്കി.

പത്താം ക്ലാസ് സാമൂഹികപാഠത്തിൽ ‘പ്രാദേശികതയും ഭാഷാഭിമാനവും’ എന്ന പാഠത്തിലും സിദ്ധരാമയ്യ സർക്കാർ മാറ്റം വരുത്തിയിട്ടുണ്ട്.ദേശീയതയുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രാദേശികവാദവും ഭാഷാഭിമാനവും ഇടുങ്ങിയ ചിന്താഗതിയായി സൂചിപ്പിച്ചിരുന്ന വാക്യങ്ങൾ “ഭാരതക്കേ ഇരുവ ശവലുഗലു മത്തേ പരിഹാരങ്ങൾ” (ഇന്ത്യയുടെ മുന്നിലുള്ള വെല്ലുവിളികളും പരിഹാരങ്ങളും) എന്നതാണ് ഈ അധ്യായത്തിൽ നിന്ന് നീക്കം ചെയ്തത്.

19-Jun-2023