'മന്‍ കി ബാത് വേണ്ട, മന്‍ കി മണിപുര്‍ മതി': റേഡിയോ സെറ്റുകള്‍ പൊതുനിരത്തില്‍ എറിഞ്ഞുടച്ച് മണിപ്പൂരികള്‍

മണിപ്പൂര്‍ സംഘര്‍ഷത്തില്‍ മൗനം തുടരുന്ന പ്രധാനമന്ത്രിയ്‌ക്കെതിരെ മണിപ്പൂരികളുടെ പ്രതിഷേധം. മോദിയുടെ റേഡിയോ പരിപാടിയായ 'മന്‍ കി ബാത്തി'നെ മണിപ്പൂരിലെ ഒരു വിഭാഗം ജനങ്ങള്‍ ബഹിഷ്‌കരിച്ച് രംഗത്തെത്തി. റേഡിയോ സെറ്റുകള്‍ പൊതുനിരത്തില്‍ എറിഞ്ഞുടയ്ക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്താണ് ആളുകള്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.

ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. ഇംഫാല്‍ വെസ്റ്റ് ഡിസ്ട്രിക്റ്റിലെ സിങ്ജാമേ മാര്‍ക്കറ്റിലും കാക്ചിങ് ജില്ലയിലെ മാര്‍ക്കറ്റിലുമാണ് പ്രതിഷേധം അരങ്ങേറിയത്.
'ഞങ്ങള്‍ മന്‍ കി ബാത് പരിപാടിയെ എതിര്‍ക്കുന്നു. മന്‍ കി ബാത് വേണ്ട, മന്‍ കി മണിപുര്‍ ആണ് വേണ്ടത്. പ്രധാനമന്ത്രിയുടെ മന്‍ കി ബാത് കേള്‍ക്കാന്‍ താല്‍പര്യമില്ല. മന്‍ കി ബാത്തില്‍ കൂടുതല്‍ നാടകം വേണ്ട'പ്രതിഷേധക്കാര്‍ പറഞ്ഞു.

ഇതോടൊപ്പം മോദിക്കും ബിജെപി സര്‍ക്കാരിനുമെതിരെ മുദ്രാവാക്യങ്ങളും ഉയര്‍ന്നു.
മന്‍ കി ബാത്തിന്റെ 102ാം പതിപ്പില്‍ അടിയന്തരാവസ്ഥയെ കുറിച്ചാണ് പ്രധാനമന്ത്രി പരാമര്‍ശിച്ചത്. അടിയന്തരാവസ്ഥ ഇന്ത്യയുടെ ഇരുണ്ട കാലഘട്ടമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി മണിപ്പുരിലെ അടങ്ങാത്ത സംഘര്‍ഷത്തെ കുറിച്ച് ഒരു വാക്കു പോലും മിണ്ടാഞ്ഞതാണ് പ്രതിഷേധക്കാരെ ചൊടിപ്പിച്ചത്.

19-Jun-2023