പ്രതിപക്ഷ യോഗത്തിന് മുന്നോടിയായി കോണ്‍ഗ്രസിന് അന്ത്യശാസനം നല്കി ആം ആദ്മി
അഡ്മിൻ
കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷ ഐഖ്യം ലക്ഷ്യമാക്കി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്താനിരിക്കുന്ന പ്രതിപക്ഷ യോഗത്തിന് മുന്നോടിയായി കോണ്‍ഗ്രസിന് അന്ത്യശാസനം നല്കി ആം ആദ്മി പാര്‍ട്ടി. ഡല്‍ഹി ഓര്‍ഡിനന്‍സ് വിഷയത്തില്‍ കോണ്‍ഗ്രസ് പിന്തുണ നല്‍കിയില്ലെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ബഹിഷ്കരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
കേന്ദ്രവും ഡല്‍ഹി സര്‍ക്കാരും തമ്മില്‍ ദീര്‍ഘകാല പോരാട്ടമുണ്ട്. ഡല്‍ഹിയിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ കേസില്‍ കെജ്രിവാള് സര്‍ക്കാരിന് അനുകൂലമായി അടുത്തിടെ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതില്‍, തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള അവകാശം നല്കി.
ഇതിന് പിന്നാലെയാണ് ‘നാഷണല്‍ ക്യാപിറ്റല്‍ സിവില്‍ സര്‍വീസ് അതോറിറ്റി’ രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഈ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതുമുതല്‍, പിന്തുണ തേടി കെജ്രിവാള് രാജ്യത്തുടനീളമുള്ള പ്രതിപക്ഷ നേതാക്കളെ കാണുന്നുണ്ട്.
ഈ ഓര്‍ഡിനന്‍സ് നിയമമാക്കാന്‍ ആറുമാസത്തിനകം പാര്‍ലമെന്റില്‍ നിന്ന് പാസാക്കേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാരിന് ഭൂരിപക്ഷമുള്ളതിനാല്‍ ലോക്സഭയില്‍ ഇത് അനായാസം പാസാക്കും. എന്നാല്‍ രാജ്യസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചാല്‍ ബി.ജെ.പിയെ സംഖ്യാ കളിയില്‍ തോല്‍പ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കെജ്രിവാള്.