രാഹുല്‍ ഗാന്ധിയും ബിജെപിയും തമ്മില്‍ കരാര്‍; വിമര്‍ശനവുമായി ആം ആദ്മി

വിശാല പ്രതിപക്ഷ യോഗത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടിയും രംഗത്ത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ബിജെപിയും തമ്മില്‍ കരാറുണ്ടെന്നാണ് എഎപിയുടെ ആരോപണം. കേന്ദ്ര സര്‍ക്കാരിന്റെ ഡല്‍ഹി ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ടാണു വിമര്‍ശനം.

”രാഹുല്‍ ഗാന്ധിയും ബിജെപിയും തമ്മില്‍ കരാറുണ്ടാക്കിയെന്നാണു വിശ്വസനീയ കേന്ദ്രങ്ങളില്‍നിന്നു ഞങ്ങള്‍ക്കു കിട്ടിയ വിവരം. കേന്ദ്ര സര്‍ക്കാരിന്റെ ഭരണഘടനാവിരുദ്ധ ഓര്‍ഡിനന്‍സില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം. ഈ വിഷയത്തില്‍ നിലപാട് പറയാന്‍ എന്തിനാണ് ഇത്രയേറെ സമയമെടുക്കുന്നത്?”- എഎപി വക്താവ് പ്രിയങ്ക കക്കാര്‍ ചോദിച്ചു.

നേരത്തെ, പ്രതിപക്ഷ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍നിന്ന് പട്നയിലേക്കു പോകാനൊരുങ്ങവേ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഓര്‍ഡിനന്‍സ് വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ”ഓര്‍ഡിനന്‍സില്‍ എഎപിയെ പിന്തുണയ്ക്കുന്നതിനെപ്പറ്റി അടുത്ത പാര്‍ലമെന്റ് സെഷനു മുന്‍പ് കോണ്‍ഗ്രസ് തീരുമാനമെടുക്കും. ഞങ്ങളുടെ സര്‍വകക്ഷി യോഗത്തില്‍ എഎപി നേതാക്കളും പങ്കെടുക്കുന്നുണ്ട്. എന്തിനാണ് എഎപി പുറത്ത് ഇതിനിത്ര പ്രചാരം കൊടുക്കുന്നതെന്ന് അറിയില്ല”- ഖര്‍ഗെ പറഞ്ഞു.

23-Jun-2023