പട്‌നയില്‍ സമവായമായില്ല; പ്രതിപക്ഷ പാര്‍ട്ടികള്‍ ഷിംലയില്‍ യോഗം ചേരും

2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി നേരിടാനുള്ള വിശാല കൂട്ടായ്മ രൂപീകരിക്കാന്‍ ബിഹാര്‍ തലസ്ഥാനത്ത് ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് അഭിപ്രായ സമന്വയത്തിലെത്തിച്ചേരാനായില്ല. സമ്മേളനത്തില്‍ സമവായത്തിലെത്താത്തതിനാല്‍ ഓഗസ്റ്റില്‍ ഷിംലയില്‍ 2 ദിവസത്തെ മറ്റൊരു യോഗം ചേരാനാണ് ആലോചന. പൊതുമിനിമം പരിപാടി നടപ്പാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും നടന്നതായി വൃത്തങ്ങള്‍ വെളിപ്പെടുത്തി.

പ്രതിപക്ഷ സഖ്യത്തിന് ഒരു കണ്‍വീനറെറെ തിരഞ്ഞെടുക്കണമെന്ന ആവശ്യം ഉയര്‍ന്നു.ഷിംല യോഗത്തില്‍ വെച്ച് സഖ്യത്തിന് ഒരു കണ്‍വീനറെ തിരഞ്ഞെടുത്തേക്കും.2024ലെ നിര്‍ണായക തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ഒന്നിക്കണമെന്ന് യോഗത്തിനെത്തിയ എല്ലാ നേതാക്കളും വ്യക്തമാക്കിയതായി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബംഗാളില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടിനെ എതിര്‍ത്തു. 'എല്ലാവരും വലിയ മനസ്സ് കാണിക്കണം, തമ്മില്‍ പോരടിച്ചാല്‍ ബിജെപിക്ക് നേട്ടമുണ്ടാകും,' മമതാ ബാനര്‍ജി പറഞ്ഞു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി ഓര്‍ഡിനന്‍സില്‍ കോണ്‍ഗ്രസടക്കമുള്ള പാര്‍ട്ടികളുടെ പിന്തുണ തേടി. കോണ്‍ഗ്രസും എഎപിയും തമ്മിലുള്ള ഭിന്നത പരിഹരിക്കാന്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ശ്രമിച്ചു.

മഹാ വികാസ് അഘാഡി ഐക്യത്തിന്റെ ഉദാഹരണം ഇരു നേതാക്കളും ഉദ്ധരിച്ചു. നിരവധി നേതാക്കള്‍ ഡെല്‍ഹി ഓര്‍ഡിനന്‍സിനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസിനോട് അഭ്യര്‍ത്ഥിച്ചെങ്കിലും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള എഎപി അധ്യക്ഷനെ തള്ളി. ആര്‍ട്ടിക്കിള്‍ 370 ല്‍ ബിജെപിയെ പിന്തുണച്ച കെജ്രിവാളിന്റെ നിലപാട് ഒമര്‍ അബ്ദുള്ള ഓര്‍മിപ്പിച്ചു.

23-Jun-2023