പുരാവസ്തു തട്ടിപ്പിലെ പണമിടപാട് കേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ അറസ്റ്റ് ചെയ്തു. എട്ട് മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷമാണ് ക്രൈബ്രാഞ്ച് സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ക്രൈംബ്രാഞ്ചിന്റെ കളമശ്ശേരി ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. അതേസമയം, കെ സുധാകരന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നതിനാൽ 50000 രൂപ ബോണ്ടിന്റെ അടിസ്ഥാനത്തിൽ ജാമ്യത്തിൽ വിട്ടു.
കെ സുധാകരൻ മുൻകൂർ ജാമ്യം തേടി കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിൽ കെ സുധാകരൻ രണ്ടാംപ്രതിയാണ്. കെ സുധാകരനെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ 50000 രൂപയുടെ ബോണ്ടിന്റെ മേലിൽ ജാമ്യത്തിൽ വിടണമെന്നാണ് ഇടക്കാല ജാമ്യം അനുവദിച്ച് കൊണ്ട് കോടതി പറഞ്ഞത്.
പരാതിക്കാര്‍ മോന്‍സന് നല്‍കിയ 25 ലക്ഷം രൂപയില്‍ പത്തുലക്ഷം കെ. സുധാകരന്‍ കൈപ്പറ്റിയെന്ന് മോണ്‍സന്റെ മുന്‍ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു. ഇത് സാധൂകരിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഈ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ സുധാകരന്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയത്. മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധം തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ അടക്കം നിരത്തിയായിരുന്നു ക്രൈംബ്രാഞ്ച് സുധാകരനെ ചോദ്യം ചെയ്തത്. മൊഴിയിലെ വൈരുദ്ധ്യം സുധാകരന് തിരിച്ചടിയായി. മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ സുധാകരനെ രണ്ടാം പ്രതിയായാണ് പൊലീസ് കേസെടുത്തത്.
സുധാകരനെതിരെ വഞ്ചനാ കുറ്റമായിരുന്നു ക്രൈംബ്രാഞ്ച് ചുമത്തിയിരുന്നത്. ഒരു വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവില്‍ കെ. സുധാകരനെ പ്രതിയാക്കിയുള്ള റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു.