ഓഹരി വിപണിയില്‍ വീണ്ടും തകർന്ന് അദാനി

അമേരിക്കന്‍ മാര്‍ക്കറ്റ് റെഗുലേറ്ററി നടപടി കള്‍ ആരംഭിച്ചതോടെ തകര്‍ന്ന് അടിഞ്ഞ് അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍. കഴിഞ്ഞ ദിവസത്തെ വ്യാപാരത്തില്‍ അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള എല്ലാ ഓഹരികളും കുത്തനെ വീണു. അദാനി എന്റര്‍പ്രൈസസാണ് കനത്ത നഷ്ടത്തിലായത്.

അദാനി ട്രാന്‍സ്മിഷന്‍, അദാനി പോര്‍ട്സ് ഉള്‍പ്പടെയുള്ളവയുടെ വില ഇടിഞ്ഞതോടെ ഗ്രൂപ്പിലെ മൊത്തം ഓഹരികളുടെ വിപണി മൂല്യത്തില്‍ 52,000 കോടി രൂപയുടെ ഇടിവുണ്ടായി. പണപ്പെരുപ്പ ഭീഷണി വിട്ടൊഴിഞ്ഞിട്ടില്ലെന്ന അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെയും ഇന്ത്യയുടെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെയും അഭിപ്രായങ്ങളും അദാനി ഗ്രൂപ്പിനെതിരെ അന്വേഷണമുനയെറിഞ്ഞ അമേരിക്കയുടെ നീക്കവുമാണ് അദാനിയെ ഓഹരി വിപണിയില്‍ വീഴ്ത്തിയത്.

ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ചിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് യുഎസിലെ മര്‍ക്കറ്റ് റെഗുലേറ്ററുടെ നടപടി. ഷെല്‍ കമ്പനികള്‍ ഉപയോഗിച്ച് ഓഹരി വിലയില്‍ കൃത്രിമം കാണിച്ചതു സംബന്ധിച്ചും അന്വേഷണം നടത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യന്‍ കമ്പനികളില്‍ വലിയതോതില്‍ നിക്ഷേപം നടത്തിയിട്ടുള്ള സ്ഥാപനങ്ങളില്‍നിന്നാണ് യുഎസിലെ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍ വിവരങ്ങള്‍ തേടിയത്. സെന്‍സെക്സ് 259.52 പോയിന്റ് (0.41 ശതമാനം) താഴ്ന്ന് 62,979.37ലും നിഫ്റ്റി 105.75 പോയിന്റിടിഞ്ഞ് 18,665.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

എല്ലാ ഓഹരി വിഭാഗങ്ങളിലും ഇന്ന് കനത്ത വില്‍പ്പന സമ്മര്‍ദ്ദമുണ്ടായി. ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടതും അദാനി ഓഹരികളാണ്. ഒരുവേള 10 ശതമാനത്തോളം ഇടിഞ്ഞ ഓഹരികളുടെ വ്യാപാരാന്ത്യ നഷ്ടം രണ്ട് മുതല്‍ 7.02 ശതമാനം വരെയാണ്.

ടാറ്റാ മോട്ടോഴ്സ്, എസ്.ബി.ഐ., പവര്‍ഗ്രിഡ്, ടാറ്റാ സ്റ്റീല്‍, ഇന്‍ഫോസിസ് എന്നീ വന്‍കിട ഓഹരികളിലുണ്ടായ ഇടിവും ഇന്ന് ഓഹരി സൂചികകളെ തളര്‍ത്തി. നിഫ്റ്റി മീഡിയ, മെറ്റല്‍ സൂചികകള്‍ രണ്ട് ശതമാനത്തിലധികം നഷ്ടത്തിലേക്ക് വീണു. ഓയില്‍ ആന്‍ഡ് ഗ്യാസ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, വാഹനം, ഐ.ടി, റിയാല്‍റ്റി സൂചികകളും വലിയ നഷ്ടം നേരിട്ടു.

ഇന്നലത്തെ ഇടിവോടെ അദാനി ഓഹരികള്‍ നാല്മാസത്തെ താഴ്ന്ന നിലവാരത്തിലെത്തിയിട്ടുണ്ട്. വ്യാപാരം ആരംഭിച്ച ഉടനെ അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി വില 2,163 നിലവാരത്തിലെത്തിയിരുന്നു. പിന്നീട് 2,233 രൂപയിലേയ്ക്ക് ഉയരുകയും ചെയ്തു. അദാനി ട്രാന്‍സ്മിഷന്‍ 5.83 ശതമാനമാണ് ഇടിഞ്ഞത്. അദാനി ടോട്ടല്‍ ഗ്യാസ് 3.18 ശതമാനവും അദാനി പവര്‍ ഓഹരികള്‍ 5.53 ശതമാനവും ഇടിഞ്ഞിട്ടുണ്ട്.

24-Jun-2023