ഇപ്പോൾ കെ സുധാകരന് കിട്ടുന്ന പാർട്ടി പിന്തുണ വെറും നമ്പർ മാത്രം : എകെ ബാലൻ
അഡ്മിൻ
കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസിന് പിന്നിൽ ഒരു കോൺഗ്രസ് നേതാവാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലൻ. പരാതിക്കാരിൽ ചിലർ ഈ കോൺഗ്രസ് നേതാവുമായി ബന്ധമുള്ളവരാണ്. സിപിഎം ബന്ധമുള്ള പരാതിക്കാരനെ മാറ്റിനിർത്തി മറ്റുള്ളവരുടെ രാഷ്ട്രീയം നോക്കിയാൽ ഇക്കാര്യം വ്യക്തമാകും.
കോൺഗ്രസിലെ ഗ്രൂപ്പുകൾ നേരത്തെ കെ സുധാകരന് മുന്നറിയിപ്പ് നൽകിയത് ഓർമിക്കണം. തട്ടിപ്പ് കേസ് വീണ്ടും സജീവമാക്കിയതിന് പിന്നിൽ കോൺഗ്രസിലെ ഉൾപ്പാർട്ടി പോരാണ്. അഞ്ച് നേതാക്കളാണ് കോൺഗ്രസിൽ മുഖ്യമന്ത്രിക്കുപ്പായം തയ്പ്പിച്ച് നടക്കുന്നത്.
പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ കേസിനു പിന്നിലും കോൺഗ്രസ്സുകാരാണ്. ഇപ്പോൾ സുധാകരന് കിട്ടുന്ന പാർട്ടി പിന്തുണ വെറും നമ്പർ മാത്രമാണെന്നും കേസുകൾക്ക് പിന്നിലെ കോൺഗ്രസ് നേതാവിന്റെ വിവരം വൈകാതെ പറയുമെന്നും അദ്ദേഹം പറഞ്ഞു.