പത്തനംതിട്ടയിൽ കോൺഗ്രസ് വിമത നേതാക്കൾ സമാന്തര കൂട്ടായ്മ രൂപീകരിക്കുന്നു

കോൺഗ്രസ് ഔദ്യോഗിക നേതൃത്വത്തെ വെല്ലുവിളിച്ച് പുതിയ രാഷ്ട്രീയ കൂട്ടായ്മ രൂപീകരിക്കാൻ വിമത നേതാക്കൾ തീരുമാനിച്ചു. ജൂലൈ നാലിന് വിശാല കൺവെൻഷൻ സംഘടിപ്പിക്കുന്നതിന് മുന്നോടിയായി ഇന്ന് വൈകിട്ട് യോഗം നടക്കും. നടപടി നേരിട്ട മുതിർന്ന നേതാക്കളായ സജി ചാക്കോ, ബാബു ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് വിമത നീക്കം.

സമാന്തര ഡിസിസി നേതൃത്വം ഉൾപ്പടെ പ്രഖ്യാപിക്കാനും ആലോചനയുണ്ട്. സമാന്തര പ്രവർത്തനം വിലപ്പോകില്ലെന്ന വിലയിരുത്തലിൽ ആണ് കെപിസിസി. പത്തനംതിട്ട ജില്ലയിലെ മുതിർന്ന നേതാവായ പി ജെ കുര്യന്റെ അനുയായിയായി അറിയപ്പെട്ടിരുന്നയാളായിരുന്നു സജി ചാക്കോ. അടുത്തകാലത്ത് ഇവർ തമ്മിൽ ഉടലെടുത്ത പ്രശ്ങ്ങളാണ് അവിശ്വാസത്തിലും ഇപ്പോൾ രാജിയിലുമെത്തിച്ചത്.

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, തിരുവല്ല ഈസ്റ്റ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, മല്ലപ്പള്ളി കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ്, ഡിസിസി ജനറല്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിൽ കോൺഗ്രസ് നോമിനിയായി തെരഞ്ഞെടുക്കപ്പെട്ടയാളാണ് സജി ചാക്കോ. അടുത്തിടെ നടന്ന ബാങ്ക് തെരഞ്ഞെടുപ്പു മുതലാണ് പാർട്ടിൽ തർക്കങ്ങൾ ആരംഭിച്ചത്. മല്ലപ്പള്ളി കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി യോഗം കയ്യാങ്കളി വരെയെത്തിതും ഈ സംഭവങ്ങളിലായിരുന്നു.

കാര്‍ഷിക ഗ്രാമവികസന ബാങ്കിൽ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പിനു ശേഷം, തന്നെ മാത്രം ലക്ഷ്യമിട്ടു കൊണ്ട് ഡിസിസി നേതൃത്വത്തെ ആജ്ഞാനുവര്‍ത്തിയാക്കി ചിലര്‍ പ്രവർത്തിച്ചുവെന്ന് രാജിവെച്ച ശേഷം സജി ചാക്കോ പറഞ്ഞു. ബാങ്ക് തെരഞ്ഞെടുപ്പില്‍ ഡിസിസി പ്രസിഡന്റ് നിര്‍ദേശിച്ച പാനല്‍ അപ്പാടെ അംഗീകരിച്ചില്ല എന്നതാണ് പ്രധാന കാരണം. ഡിസിസി പ്രസിഡന്റ് നിര്‍ദേശിച്ച പാനലിലെ ഒരംഗം സ്ഥാനാര്‍ഥിയാകാന്‍ തയാറാകാത്തതു കാരണം നോമിനേഷന്‍ നല്‍കിയവരില്‍ ഒരാള്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇത് സിപിഎം പ്രതിനിധിയായിരുന്നു.

25-Jun-2023