സ്കൂള്‍, കോളജ് സിലബസില്‍ സുരക്ഷിത ലൈംഗിക വിദ്യാഭ്യാസം ഉള്‍പ്പെടുത്തണം: ഹൈക്കോടതി
അഡ്മിൻ
സ്കൂളിലും കോളജിലും സുരക്ഷിത ലൈംഗിക വിദ്യാഭ്യാസം സിലബസില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി.ഇന്റര്‍നെറ്റിന് മുമ്ബില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വഴികാട്ടിയാകാൻ ഒരു മാര്‍ഗനിര്‍ദേശങ്ങളും ഇല്ലാത്ത സാഹചര്യത്തില്‍ ഇക്കാര്യം ഗൗരവകരമായി പരിഗണിക്കണം എന്ന് കോടതി പറഞ്ഞു.
ആവശ്യമെങ്കില്‍ പഠനത്തിനായി സര്‍ക്കാര്‍ ഒരു കമ്മിറ്റിക്ക് രൂപം നല്‍കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷണൻ നിര്‍ദേശിച്ചു. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു. 15കാരിയുടെ ഏഴുമാസമായ ഗര്‍ഭം അലസിപ്പിക്കാൻ അനുമതി തേടി നല്‍കിയ ഹര്‍ജിയിലെ തുടര്‍നടപടികള്‍ അവസാനിപ്പിച്ചാണ് ഉത്തരവ്. പ്രായപൂര്‍ത്തിയാകാത്ത സഹോദരനില്‍ നിന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്.
കോടതി അനുമതിയോടെ പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറിയിരുന്നു. രക്ഷിതാക്കളുടെയും ഇരയായ പെണ്‍കുട്ടിയുടെയും ദുരവസ്ഥ ചിന്തിക്കാവുന്നതിന് അപ്പുറമാണ്. മകളുടെ ഗര്‍ഭം അലസിപ്പിക്കാൻ ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നിറഞ്ഞ കണ്ണുകളോടെ മാത്രമേ പിതാവിന് ഒപ്പിടാനാകൂ.
ഇത്തരം സാഹചര്യത്തിന് സമൂഹം ഒന്നാകെ ഉത്തരവാദികളാണ്.ഈ മാനസികാഘാതത്തില്‍നിന്ന് അവരെ രക്ഷിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്, സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. സുരക്ഷിതമായ കുടുംബാന്തരീക്ഷം ഉണ്ടാക്കാനാകാത്തതും ലൈംഗികമായ അറിവില്ലായ്മയും ആണ് പ്രശ്നമെന്നും കോടതി വീക്ഷിച്ചു.