കെ സുധാകരനെതിരായ ഡിജിറ്റൽ തെളിവുകൾ മോൻസണിന്‍റെ കയ്യിലുണ്ടോയെന്ന് സംശയം: എംവി ജയരാജൻ

കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെ മോന്‍സണ്‍ മാവുങ്കലിന്‍റെ കയ്യില്‍ വലിയ തെളിവുകള്‍ ഉള്ളതായി സംശയിക്കണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. അത്തരത്തില്‍ തെളിവുകള്‍ ഉള്ളതിനാലാണ് മോൻസണ്‍ ആത്മ മിത്രമെന്ന് സുധാകരൻ പറയുന്നത്. ഡിജിറ്റൽ തെളിവുകൾ മോൻസണിന്‍റെ കയ്യിലുണ്ടോയെന്ന് സംശയം.

രാജിവയ്ക്കില്ലെന്ന സുധാകരന്‍റെ പ്രഖ്യാപനം കോൺഗ്രസ് അണികളോടുള്ള ധിക്കാരമാണെന്നും സുധാകരനെ പേറേണ്ട ഗതികേടിലാണ് കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് ഭാരമായി മാറുകയാണ് കെ.സുധാകരൻ. മഹാന്മാര്‍ ഇരുന്ന കസേരയാണ് കെപിസിസി പ്രസിഡന്‍റിന്‍റേത്. അഴിമതിക്കാർക്ക് മാത്രമേ ഇപ്പോൾ ആ സ്ഥാനത്ത് എത്താൻ കഴിയൂ. സുധാകരനെ മോൻസണിന്‍റെ വീട്ടിൽ കണ്ടതായി പോക്സോ അതിജീവിത മൊഴി നൽകിയിട്ടുണ്ടെന്നും അദ്ദഹം പറഞ്ഞു.

25-Jun-2023